'പാറ്റാ പേടിയോ', സി.ജെ.പി സന്ദർശനം പ്രഖ്യാപിച്ചതിന് പിന്നാലെ സ്കൂളുകളിൽ സന്ദർശകർക്കും വീഡിയോ ചിത്രീകരണത്തിനും വിലക്കേർപ്പെടുത്തി രാജസ്ഥാൻ സർക്കാർ

ജയ്പൂർ: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ മുൻകൂർ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിനും ഫോട്ടോ-വീഡിയോ ചിത്രീകരണങ്ങൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തി രാജസ്ഥാൻ സർക്കാർ.

സ്കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി, സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂളുകളിൽ നേരിട്ട് പരിശോധന നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് അശുതോഷ് റാങ്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തുവന്നത്. സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സർക്കുലറിലെ പ്രധാന നിർദേശങ്ങൾ:

1. ഔദ്യോഗിക ചുമതലയുള്ള ഗവൺമെന്റ് അധികൃതർ ഒഴികെയുള്ളവർക്ക് പ്രധാനാധ്യാപകന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ സ്കൂളുകളിൽ പ്രവേശനമുണ്ടാകില്ല.

2. സന്ദർശകർ സ്കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് സന്ദർശക രജിസ്റ്ററിൽ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം.

3. പ്രധാനാധ്യാപകന്റെയോ അധ്യാപകരുടെയോ സാന്നിധ്യമില്ലാതെ ക്ലാസ് മുറികൾ, ലബോറട്ടറികൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, കളിക്കളങ്ങൾ, ശൗചാലയങ്ങൾ എന്നിവിടങ്ങളിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കാൻ പാടില്ല.

4. കുട്ടികളുടെയോ അധ്യാപകരുടെയോ സ്കൂൾ പ്രവർത്തനങ്ങളുടെയോ ഫോട്ടോ, വീഡിയോ, ഓഡിയോ റെക്കോർഡിങ്, ലൈവ് സ്ട്രീമിങ് എന്നിവയ്ക്ക് പ്രധാനാധ്യാപകന്റെ മുൻകൂർ ലിഖിതാനുമതി നിർബന്ധമാണ്.

5. കുട്ടികളുടെ സ്വകാര്യതയെയും സുരക്ഷയെയും മാന്യതയെയും ബാധിക്കുന്ന രീതിയിൽ അവരുടെ വ്യക്തിവിവരങ്ങളോ ചിത്രങ്ങളോ ശേഖരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല.

6. നിർദേശങ്ങൾ ലംഘിക്കുകയോ സ്കൂളിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 2023, പോക്സോ ആക്ട് 2012, ജുവനൈൽ ജസ്റ്റിസ് ആക്ട് 2015, ഐ.ടി ആക്ട് 2000 തുടങ്ങിയ വകുപ്പുകൾ പ്രകാരം ലോക്കൽ പൊലീസിന്റെ സഹായത്തോടെ കർശന നിയമനടപടി സ്വീകരിക്കും.

കുട്ടികളുടെ സുരക്ഷയും മാന്യതയും സ്വകാര്യാവകാശവും സംരക്ഷിക്കുന്നതിനാണ് ഈ അടിയന്തര നിയന്ത്രണങ്ങളെന്നാണ് രാജസ്ഥാൻ സർക്കാറിന്റെ വിശദീകരണം. 'ഇൻ ലോകോ പാരന്റിസ്' (രക്ഷിതാക്കളുടെ സ്ഥാനത്ത് നിൽക്കുക) എന്ന തത്ത്വമനുസരിച്ച് കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും സർക്കാറിന് പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

ദേശീയ ബാലാവകാശ കമീഷൻ അതായത് എൻ.സി.പി.സി.ആർ മുൻപോട്ടുവെക്കുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ചാണ് ഈ നടപടിയെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

ജയ്പൂർ, കോട്ട, ജോധ്പൂർ, അജ്മീർ, ഉദയ്പൂർ, ഭരത്പൂർ, ധോൽപൂർ, ബാർമർ, ഹനുമാൻഗഢ് തുടങ്ങിയ ജില്ലകളിലെ തകർന്നടിഞ്ഞ സർക്കാർ സ്കൂളുകൾ സന്ദർശിച്ച് 'സ്കൂൾ ഠീക് കരോ' (സ്കൂളുകൾ നന്നാക്കൂ) എന്ന പേരിൽ ഓഡിറ്റ് നടത്തുമെന്ന് സി.ജെ.പി നേതാവ് അശുതോഷ് റാങ്ക പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ അടക്കമുള്ളവരെ ടാഗ് ചെയ്താണ് അദ്ദേഹം ഈ കാമ്പയിനിന് തുടക്കമിട്ടത്.

സർക്കാറിന്റെ പുതിയ വിലക്കിനോട് എക്സിലൂടെ (ട്വിറ്റർ) പ്രതികരിച്ച റാങ്ക, തനിക്കും തന്റെ സംഘത്തിനുമെതിരെ പൊലീസ് എഫ്.ഐ.ആർ എടുത്തോളാൻ ആവശ്യപ്പെടുകയും, അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് സർക്കാർ സ്കൂളുകൾ സന്ദർശിക്കുന്നതിൽ നിന്നും തങ്ങളെ തടയാൻ ആർക്കുമാവില്ലെന്നും വെല്ലുവിളിച്ചു.

സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര രംഗത്തെത്തി. "സർക്കാർ സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് പകരം, വിദ്യാഭ്യാസ സംവിധാനത്തിന്റെ ശോചനീയാവസ്ഥയും തങ്ങളുടെ പരാജയവും മറച്ചുവെക്കാനാണ് ബി.ജെ.പി സർക്കാർ ഈ കുറുക്കുവഴി കണ്ടെത്തിയത്" എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സ്കൂളുകളിൽ എല്ലാം ഭംഗിയായി നടക്കുന്നുണ്ടെങ്കിൽ സർക്കാർ എന്തിനാണ് മാധ്യമങ്ങളെയും പൊതുജനങ്ങളെയും ഭയക്കുന്നതെന്നും, സുതാര്യത ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങൾ ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്നും ദോതസ്ര വിമർശിച്ചു.

Tags:    
News Summary - Rajasthan Bans Entry and Filming in Government Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.