മുംബൈ: ഭീകരവാദത്തിന് യുദ്ധം ഒരു പരിഹാരമല്ലെന്നും കുറ്റവാളികളെ കണ്ടെത്തുന്നതിനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും മഹാരാഷ്ട്ര നവ നിർമാൺ സേന തലവൻ രാജ് താക്കറെ.
യു.എസിൽ ഇരട്ട ഗോപുരങ്ങൾ ഭീകരാവദികൾ തകർത്തപ്പോൾ അവർ യുദ്ധം പ്രഖ്യാപിക്കുകയല്ല ചെയ്തത്. ആ ഭീകരരെ കണ്ടെത്തി കൊല്ലുകയായിരുന്നെന്നും രാജ് താക്കറെ പറഞ്ഞു.
പഹൽഗാമിൽ വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരരെ ഇതുവരെ കണ്ടെത്തിയില്ല. രാജ്യത്തിനുള്ളിൽ ഒരു കോമ്പിങ് ഓപറേഷൻ നടത്തി അവരെ കണ്ടെത്തുന്നതായിരിക്കണം പ്രധാനം. എന്നാൽ, ജനത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ഈ വ്യോമാക്രമണവും യുദ്ധവുമെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാമിൽ എങ്ങനെ ഭീകരാക്രമണം നടന്നുവെന്നതിൽ സർക്കാറിനെ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും സർക്കാറിന്റെ പരാജയങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതാണെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു.
'പഹൽഗാമിലെ ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി സൗദി അറേബ്യയിലായിരുന്നു, വേഗം തിരിച്ചുവന്നു. പിന്നീട് അദ്ദേഹം ബിഹാറിലേക്കുപോയി. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അദാനിയുടെ തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി അദ്ദേഹം കേരളത്തിലേക്ക് പോയി. പിന്നീട് വേവ്സ് ചടങ്ങിനായി മുംബൈയിലേക്ക് വന്നു. സ്ഥിതി ഇത്ര ഗുരുതരമായിരുന്നെങ്കിൽ, ഇതെല്ലാം ഒഴിവാക്കാമായിരുന്നു'- എം.എൻ.എസ് മേധാവി പറഞ്ഞു.
രാജ്യത്ത് യുദ്ധസമാനമായ ഒരു സാഹചര്യം സൃഷ്ടിക്കാനുള്ള ആഗ്രഹം തോന്നുന്നു. ഇപ്പോൾ നമ്മൾ മോക്ക് ഡ്രില്ലുകളും സൈറണുകളും മുഴക്കുന്ന തിരക്കിലാണ്. പക്ഷേ, നമ്മൾ അടിസ്ഥാനപരമായ ചോദ്യം സർക്കാറിനോട് ചോദിക്കേണ്ടതുണ്ടെന്നും രാജ് താക്കറെ തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.