ന്യൂഡൽഹി: 2021 ജൂലൈ മുതൽ റെയിൽവേയിൽ നിന്ന് ഇതുവരെ 139 പേരെ സ്വയം വിരമിക്കലിന് നിർബന്ധിച്ചുവെന്നും 38 പേരെ പുറത്താക്കിയെന്നും റിപ്പോർട്ട്. ശരിയാംവിധം പണിയെടുക്കാത്ത ഉദ്യോഗസ്ഥരെയാണ് ഇങ്ങനെ പുറത്താക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ 16 മാസമായി എല്ലാ മൂന്ന് ദിവസം കൂടുമ്പോഴും ഒരു അഴിമതിക്കാരനായ ഉദ്യോഗസ്ഥനെയോ ശരിയായി പണിയെടുക്കാത്തയാളെയോ പുറത്താക്കുന്നു. ഇതുവരെ 139 ഓഫീസർമാരെ സ്വയം വിരമിക്കാൻ നിർബന്ധിച്ചു. 38 പേരെ സർവീസിൽ നിന്ന് പുറത്താക്കി -റെയിൽവേ ഉദ്യോഗസ്ഥർ എൻ.ഡി.ടി.വിയോട് പറഞ്ഞു.
ബുധനാഴ്ചയും രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്. ഒരാളെ ഹൈദരാബാദിൽ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴും മറ്റേയാളെ റാഞ്ചിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലിയോടെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ജോലിയിൽ നിന്ന് ഒഴിവാക്കിയത്. 2021 ജൂലൈ മുതൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ റെയിൽവേയിൽ നിന്ന് ഒഴിവാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മൂന്ന് മാസത്തെ നോട്ടീസ് നൽകിയോ, അതിനനുസൃതമായ തുക നൽകിയോ സർക്കാർ ജോലിക്കാരെ പിരിച്ചുവിടുകയോ നിർബന്ധപൂർവം രാജിവെപ്പിക്കുകയോ ചെയ്യാമെന്ന് നിയമമുണ്ട്.
നന്നായി ജോലി എടുക്കാത്തവർക്ക് വീട്ടിലിരിക്കാമെന്ന് 2021 ജൂലൈയിൽ റെയിൽവേ മന്ത്രിയായി ചുമതലയേറ്റ അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
വി.ആർ.എസ് എടുക്കുന്നവർക്ക് സർവീസ് തീരാൻ എത്ര വർഷങ്ങളുണ്ടോ അത്ര വർഷത്തേക്ക് രണ്ടു മാസത്തെ ശമ്പളത്തിന് തുല്യമായ തുക നൽകണം. എന്നാൽ നിർബന്ധപൂർവം വിരമിപ്പിക്കുന്നതിന് ഈ ആനുകൂല്യങ്ങൾ ലഭ്യമാകില്ല.
വി.ആർ.എസ് എടുത്ത 139 ജീവനക്കാരുടെയും പ്രമോഷൻ തടയപ്പെടുകയോ, അവധിയിൽ പ്രവേശിക്കാൻ നിർബന്ധിതാരാക്കപ്പെടുകയേതാ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.