ന്യൂഡല്‍ഹി: 92 വര്‍ഷത്തിന് ശേഷം ആദ്യമായി പൊതു ബജറ്റിനൊപ്പം അവതരിപ്പിക്കുന്ന റെയില്‍ ബജറ്റില്‍ അടിസ്ഥാന സൗകര്യവികസനത്തിനായിരിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രധാനമായും ഊന്നല്‍ നല്‍കുകയെന്ന് സൂചന. റെയില്‍വേ സ്റ്റേഷന്‍ വികസനം, പാത ഇരട്ടിപ്പിക്കല്‍, അതിവേഗ ട്രെയിന്‍ ഓടിക്കുന്നതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍, സുരക്ഷ സംവിധാനങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചു വര്‍ഷത്തേക്ക് ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
അടിസ്ഥാന സൗകര്യ വികസനത്തിന് 2017-18 വര്‍ഷത്തേക്ക് 20,000 കോടി രൂപ മാറ്റിവെച്ചേക്കുമെന്നാണ് കരുതുന്നത്. റെയില്‍വേയുടെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ റെയില്‍ വികസന അതോറിറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കും. അതോടൊപ്പം അതിവേഗ റെയില്‍ അതോറിറ്റിയുടെ മാനേജിങ് ഡയറക്ടര്‍മാരെയും മറ്റ് ഡയറക്ടര്‍മാരെയും പ്രഖ്യാപിക്കുകയും ചെയ്യും. റെയില്‍വേയുടെ ഉപയോഗശൂന്യമായിക്കിടക്കുന്ന 48,000 ഹെക്ടര്‍ വരുന്ന ഭൂമിയില്‍നിന്ന് ആദായം ലഭിക്കുന്നതിനാവശ്യമായ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചേക്കും.
പ്രധാന പാതകളില്‍ 160 മുതല്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാവുന്ന എന്‍ജിനുകള്‍ ഓടിക്കുന്നതിനാണ് റെയില്‍വേ പ്രാമുഖ്യം നല്‍കുക. ഇതിനാവശ്യമായ പാത നവീകരണത്തിനും തുക വകയിരുത്തും. ഡല്‍ഹി-ഹൗറ, ഡല്‍ഹി-മുംബൈ റൂട്ടുകളിലായിരിക്കും ഇത്തരം ട്രെയിനുകള്‍ പരീക്ഷിക്കുക. ഇതിനായി 21,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ റെയിവേയുടെ പ്രത്യേക സുരക്ഷ ഫണ്ട് എന്ന നിലയില്‍ 1.19 ലക്ഷം കോടി വേണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ധനമന്ത്രിക്ക് കത്തയച്ചിരുന്നു. റെയില്‍വേയുടെ ഈ ആവശ്യം ധനവകുപ്പ് അംഗീകരിക്കുമെന്നാണ് കരുതുന്നത്. അതേസമയം 94-95 ശതമാനം വളര്‍ച്ച ലക്ഷ്യം വെച്ചിരുന്ന റെയില്‍വേക്ക് 92 ശതമാനം വളര്‍ച്ച മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിക്കാനായതെന്നാണ് വിലയിരുത്തല്‍.
2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 1.34 ലക്ഷം കോടിയായിരുന്നു ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ 1.19 ലക്ഷം കോടി മാത്രമാണ് സമാഹരിക്കാനായത്. 11 ശതമാനത്തോളം വളര്‍ച്ച പിന്നോട്ടടിച്ചുവെന്നാണ് ഇത് കാണിക്കുന്നത്. യാത്രക്കാര്‍ക്ക് ഫ്ളക്സി ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയതിലൂടെ ലക്ഷ്യം വെച്ചിരുന്ന ഫണ്ടിലും കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 1.21 ലക്ഷം കോടിയില്‍നിന്ന് 1.36 ലക്ഷം കോടി എത്തിക്കാനാവുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.