കേരള മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച് റെയിൽവേ മന്ത്രി; പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്ന് മന്ത്രിമാർ


ന്യൂഡൽഹി: കേരളത്തിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ചർച്ചക്ക് ഡൽഹിയിൽ എത്തിയ മൂന്ന് സംസ്ഥാന മന്ത്രിമാർക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചു. സംസ്ഥാന മന്ത്രിമാരായ ശിവൻ കുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർക്കാണ് അനുമതി നിഷേധിച്ചത്. ഇടത് എം.പിമാർ മുഖേന മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകുമെന്ന് മൂന്ന് മന്ത്രിമാരും വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽനിന്നുള്ള ബി.ജെ.പി നേതാക്കൾ കേന്ദ്രമന്ത്രി വി. മുരളീധരനുമൊത്ത് ബുധനാഴ്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടതിന് ശേഷമാണ് വ്യാഴാഴ്ച കേരളത്തിൽനിന്ന് എത്തിയ മന്ത്രിമാർക്ക് അനുമതി നിഷേധിച്ചത്. തങ്ങൾ വരുന്ന വിവരം മുൻകൂട്ടിയറിഞ്ഞ് നേമം ടെർമിനലുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച ബി.ജെ.പി നേതാക്കൾ നടത്തി എന്നും അതുകൊണ്ടായിരിക്കാം അനുമതി നിഷേധിച്ചത് എന്നും മന്ത്രിമാർ പറഞ്ഞു.

എളമരം കരീമും ജോൺ ബ്രിട്ടാസും മുഖേന മൂന്നു ദിവസം മുമ്പ് അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാർ വന്നത്. എന്നാൽ, ഈ വിഷയത്തിൽ കാണാനേ പറ്റില്ല എന്നാണ് വ്യാഴാഴ്ച റെയിൽവേ മന്ത്രി മാറ്റിപ്പറഞ്ഞത്. അശ്വിനി വൈഷ്ണവ് അനുമതി നിഷേധിച്ചതിനെ തുടർന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി ദർശന ജർദോഷ്, റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒയുമായ വി.കെ ത്രിപാഠി എന്നിവരെ കണ്ട് മന്ത്രിമാർ നിവേദനങ്ങൾ സമർപ്പിച്ചു. നേമം പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മൾട്ടി മോഡൽ പഠനം നടന്നു കൊണ്ടിരിക്കുന്നുണ്ട് എന്നുമാണ് റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞത് എന്ന് ശിവൻകുട്ടി പറഞ്ഞു. കൂടിക്കാഴ്ചയെ പോസിറ്റിവ് ആയാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Railway Minister denied permission to meet with Kerala Ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.