ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പിടികൂടിയ കാർ ഫോറൻസിക് വിദഗ്ധർ ഫരീദാബാദിൽ പരിശോധിക്കുന്നു
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഡൽഹിക്ക് പുറമെ ഹരിയാനയിലും പഞ്ചാബിലും ഉത്തർപ്രദേശിലും വ്യാപക പരിശോധനയും അറസ്റ്റുമായി പൊലീസ്. ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് കാൺപൂരിൽനിന്ന് മെഡിക്കൽ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. ജമ്മു-കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ ഡോ. മുഹമ്മദ് ആരിഫ് (32) ആണ് പിടിയിലായത്.
സർക്കാർ ഉടമസ്ഥതയിലുള്ള ഗണേഷ് ശങ്കർ വിദ്യാർഥി മെമ്മോറിയൽ (ജി.എസ്.വി.എം) മെഡിക്കൽ കോളജിൽ ഒന്നാം വർഷ ഡി.എം (കാർഡിയോളജി) വിദ്യാർഥിയാണ് ഇയാൾ. നസീർബാദ് അശോക് നഗറിൽ ഇയാൾ വാടകക്ക് താമസിക്കുന്ന സ്ഥലത്തും പൊലീസ് പരിശോധന നടത്തി. ഇയാളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്കായി പിടിച്ചെടുത്തു. തുടർന്ന് ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോയി.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവർക്കൊപ്പമിരുത്തി ഇയാളെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്. അതിനിടെ, പാകിസ്താന്റെ ഐ.എസ്.ഐ പിന്തുണയുള്ള ഗ്രനേഡ് ആക്രമണ സംഘത്തിലെ 10 പേരെ പിടികൂടിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ‘വൈറ്റ് കോളർ ഭീകര സംഘ’വുമായി ബന്ധമുണ്ടെന്ന് കരുതുന്ന 10 പേരെ കശ്മീരിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്നുപേർ സർക്കാർ ജീവനക്കാരാണ്. അനന്ത്നാഗ്, പുൽവാമ, കുൽഗാം ജില്ലകളിൽ രാത്രി റെയ്ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, പൊട്ടിത്തെറിച്ച ഹ്യൂണ്ടായി ഐ20 കാറിലുണ്ടായിരുന്നത് കശ്മീർ പുൽവാമയിൽനിന്നുള്ള ഡോക്ടർ ഉമർ നബിയാണെന്ന് ഡി.എൻ.എ പരിശോധനയിൽ വ്യക്തമായെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉമറിന്റെ മാതാവിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും ശേഖരിച്ച സാമ്പിളുകളുമായി താരതമ്യം ചെയ്താണ് പൊരുത്തം സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.
കാറുമായി ഉമർ ഡൽഹിൽ എത്തുന്നതിന്റെയും ഡൽഹിയിൽ വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങുന്നതിന്റെയും കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഉമറുമായി ബന്ധപ്പെട്ട മൂന്നാമതൊരു കാർകൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം ചുവന്ന ഇക്കോസ്പോട്ട് കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉമർ ജോലി ചെയ്തിരുന്ന ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ പാർക്കിങ് ഏരിയയിൽനിന്ന് മാരുതി ബ്രസ കാർ കസ്റ്റഡിയിലെടുത്തത്. സ്ഫോടനത്തിൽ പരിക്കേറ്റ് എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ഇതോടെ മരണം 13 ആയി. 28 പേർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.