കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാം ചേതിന്റെ കടയിലെത്തിയപ്പോൾ -ഫയൽചിത്രം
സുൽത്താൻപൂർ (ഉത്തർപ്രദേശ്): തികച്ചും അവിചാരിതമായി തന്റെ കടയിലെത്തിയ വി.വി.ഐ.പിയുടെ വീടു സന്ദർശിച്ചതിന്റെ ത്രില്ലിലാണ് ചെരിപ്പു കുത്തിയായ രാംചേത് ഇപ്പോൾ. ദൂരേന്നു നിന്നുമാത്രം താൻ നോക്കി കണ്ട പ്രിയ നേതാവ് തന്റെ കടയിൽ കടയിൽ വരുന്നു, സംസാരിക്കുന്നു.
ഇപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലും താൻ എത്തിയിരിക്കുന്നു, അതും അദ്ദേഹത്തിന്റെ അതിഥിയായി. ലഖ്നോക്കടുത്തുള്ള സൂൽത്താൻപൂരിലെ ചെരിപ്പു കുത്തിയായ രാംചേതിന്റെ കടയിലേക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ അപ്രതീക്ഷിതമായാണ് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി കടന്നു വന്നത്. സമീപ പ്രദേശത്തുള്ള കോടതിയിൽ ഒരു കേസുമായി എത്തിയതായിരുന്നു രാഹുൽ.
കടയിലെത്തിയ രാഹുൽ ചെരിപ്പുകുത്തി സമൂഹത്തിന്റെ നിലവിലെ അവസ്ഥയും തൊഴിൽപരമായ കാര്യങ്ങളും രാംചേതിൽ നിന്ന് ചോദിച്ചറിഞ്ഞു. പോകുന്നതിനു മുമ്പ് ചെരിപ്പ് തുന്നുന്നത് പഠിക്കാനും രാഹുൽ മറന്നില്ല. രാഹുൽ ഗാന്ധി തിരിച്ചു പോയി മാസങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി തന്റെ വീട്ടിലേക്ക് രാം ചേതിനെ ക്ഷണിക്കുകയായിരുന്നു. അങ്ങനെ ഇക്കഴിഞ്ഞ ശനിയാഴ്ച രാംചേതിന് തന്റെ ജീവിതത്തിലെ സുപ്രധാന അഭിലാഷങ്ങളിലൊന്ന് സഫലമായി. സുൽത്താൻപൂരിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള കുടുംബത്തിന്റെ ടിക്കറ്റുകൾ, ഭക്ഷണം, താമസം ഉൾപ്പെടെ എല്ലാം രാഹുൽ ഗാന്ധി ഒരുക്കിയിരുന്നു.
രാഹുലിന്റെ വീട്ടിലെത്തിയ രാംചേതിന് സോണിയ, പ്രിയങ്ക എന്നിവരെ കാണാനും സംസാരിക്കാനും സാധിച്ചു. സോണിയക്കും പ്രിയങ്കക്കും രാഹുലിനും ഓരോ ജോടി ചെരിപ്പ് സമ്മാനമായി നൽകാനും രാംചേത് മറന്നില്ല. 60 വയസ്സുള്ള രാംചേതിനൊപ്പം മകനും മകളും ചെറുമകനും മരുമകനും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.