രാഹുൽ ഗാന്ധിക്ക് യു.എസിൽ വൻ വരവേൽപ്പ്; യുവാക്കളുടെയും ജനാധിപത്യത്തിന്‍റെയും ഭാവിയുടെയും ശബ്ദമെന്ന് സാം പി​ത്രോദ

ബോസ്റ്റൺ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം തുടങ്ങി. ബോസ്റ്റൺ ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പി​ത്രോദ സ്വീകരിച്ചു.

രാഹുൽ ഗാന്ധിയുടേത് യുവാക്കളുടെയും ജനാധിപത്യത്തിന്‍റെയും ഭാവിയുടെയും ശബ്ദമെന്ന് സാം പി​ത്രോദ എക്സിൽ കുറിച്ചു.

'അമേരിക്കയിലേക്ക് സ്വാഗതം! രാഹുൽ ഗാന്ധി, യുവാക്കൾക്ക് വേണ്ടിയും ജനാധിപത്യത്തിന് വേണ്ടിയും മെച്ചപ്പെട്ട ഭാവിക്കു വേണ്ടിയുമുള്ള ശബ്ദം. നമുക്ക് കേൾക്കാം, പഠിക്കാം, ഒരുമിച്ച് കെട്ടിപ്പടുക്കാം'-സാം പി​ത്രോദ വ്യക്തമാക്കി.

ഏപ്രിൽ 21, 22 തീയതികളിലാണ് രാഹുലിന്‍റെ അമേരിക്കയിലെ പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാല സന്ദർശിക്കുന്ന രാഹുൽ, വിദ്യാർഥികളുമായും അധ്യാപകരുമായും സംവദിക്കും. കൂടാതെ, യു.എസിലെ പ്രവാസി ഇന്ത്യക്കാരുമായും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തും.

പ്രതിപക്ഷ നേതാവായ ശേഷം രാഹുൽ ഗാന്ധിയുടെ രണ്ടാമത്തെ അമേരിക്കൻ സന്ദർശനമാണ് ഇത്തവണത്തേത്. കഴിഞ്ഞ സെപ്തംബറിൽ മൂന്നു ദിവസത്തെ സന്ദർശനത്തിന് രാഹുൽ അമേരിക്കയിൽ എത്തിയിരുന്നു. അന്ന് ജോർജ് ടൗൺ സർവകലാശാലയിലെ വിദ്യാർഥികളുമായി അദ്ദേഹം സംവദിച്ചിരുന്നു. 

Tags:    
News Summary - Rahul Gandhi's US Visit Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.