രാജ്യവർധൻ റാത്തോഡ്

രാഹുൽ ഗാന്ധിക്കെതിരായ വ്യാജ വിഡിയോ; ബി.ജെ.പി എം.പിക്കും വാർത്ത അവതാരകനുമെതിരെ കേസ്

ജയ്പൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ബന്ധപ്പടുത്തി വ്യാജ വിഡിയോ പ്രചരിപ്പിച്ച സീ ന്യൂസ് വാർത്ത അവതാരകനും, ബി.ജെ.പി ദേശീയ വക്താവ് രാജ്യവർധൻ റാത്തോഡിനുമെതിരെ ജയ്പൂർ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രിയാണ് ഇവർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

വ്യക്തിയെ മനഃപൂർവം അപമാനിക്കുക, ഭീഷണിപ്പെടുത്തുക, മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്നിവ പ്രകാരം കോൺഗ്രസിന്‍റെ പ്രാദേശിക നേതാവ് രാം സിങ് ബാൻപാർക്ക് ​​പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ചാനലിനെ വിമർശിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് നടപടി.

രാഹുൽ ഗാന്ധി കേരള സന്ദർശനത്തിനിടെ എസ്.എഫ്.ഐക്ക് നേരെ നടത്തിയ പ്രസ്താവന സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻ തന്‍റെ വാർത്ത പരിപാടിയിൽ ഉദയ്പൂർ കൊലപാതകത്തെ കുറിച്ചുള്ള രാഹുലിന്‍റെ പ്രസ്താവനയായി വരുത്തി തീർക്കാൻ ശ്രമിച്ചെന്ന് പരാതിക്കാരൻ ആരോപിച്ചു.

ബി.ജെ.പിയുടെ മുൻ കേന്ദ്രമന്ത്രി റാത്തോഡ്, മേജർ സുരേന്ദ്ര പൂനിയ, കമലേഷ് സൈനി എന്നിവരുമായി ഗൂഢാലോചന നടത്തിയാണ് മാധ്യമ സംഘം ഇത് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. രാഹുൽ ഗാന്ധി വയനാട്ടിൽ വെച്ച് സംസാരിച്ചത് എസ്.എഫ്.ഐക്കെതിരെ ആണെന്ന് ചാനിലിന്‍റെ അവതാരകർക്കും പ്രമോട്ടർമാർക്കും വ്യക്തമായി അറിയാമായിരുന്നുവെന്നും അദ്ദേഹം പരാതിയിൽ കൂട്ടിച്ചേർത്തു. പിന്നാലെ സന്ദർഭം തെറ്റായി എടുക്കുകയായിരുന്നെന്ന് അവകാശപ്പെട്ട് ചാനൽ ക്ഷമാപണം നടത്തി.

ഇത് ചെയ്തവർ നിരുത്തരവാദമായാണ് പെരുമാറിയത്. പക്ഷെ അവർ കുട്ടികളാണെന്നും അവരോട് ക്ഷമിക്കണമെനന്നും വയനാട്ടിലെ അദ്ദേഹത്തിന്‍റെ ഓഫീസ് തകർത്ത എസ്.എഫ്.ഐ വിദ്യാർഥികളെ ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയാണ് പിന്നീട് സീ ന്യൂസ് അവതാരകൻ കനയ്യ ലാലിന്‍റെ കൊലപാതകികളെ പിന്തുണക്കുന്നതാണെന്ന തരത്തിൽ അവതരിപ്പിച്ചത്.

Tags:    
News Summary - Rahul Gandhi Video- Case Against BJP MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.