ന്യൂഡൽഹി: വോട്ടർ പട്ടികയിൽ വ്യാപകമായി വീട്ടു നമ്പർ പൂജ്യം ചേർത്ത് വീടില്ലാത്തവരെ സൂചിപ്പിക്കാനാണെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ ഗ്യാനേഷ് കുമാറിന്റെ വാദം പൊളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീട്ടു നമ്പർ നൽകാതെ, വോട്ടർപട്ടികയിൽ ചേർത്തത് ക്രമക്കേട് കണ്ടെത്താതിരിക്കാൻ വേണ്ടിയുള്ള ബോധപൂർവ നടപടിയാണെന്ന് പറഞ്ഞ രാഹുൽ, വീട്ടു നമ്പർ പൂജ്യംചേർത്ത വോട്ടറുടെ പേരും ചിത്രവും പരിശോധിച്ച് ആളുടെ രണ്ടുനില വീടിന്റെ ചിത്രം വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു.
ഹരിയാനയിലെ വോട്ടുകൊള്ളയുടെ പിന്നാമ്പുറക്കഥ വെളിപ്പെടുത്തുന്നതിനിടെ ബി.ജെ.പി കേരള ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന്റെ വിഡിയോയും രാഹുൽ പ്രദർശിപ്പിച്ചു. തങ്ങൾക്ക് വിജയിക്കാൻ വേണ്ടി കശ്മീരിൽ നിന്നടക്കം ആളുകളെ കൊണ്ട് വോട്ടർ പട്ടികയിൽ ചേർക്കുമെന്ന് ഗോപാലകൃഷ്ണൻ പറയുന്നതിന്റെ വിഡിയോ ദൃശ്യമാണ് രാഹുൽ കാണിച്ചത്.
തെരഞ്ഞെടുപ്പ് കമീഷൻ ഒത്താശയിൽ നടന്ന വോട്ടു കൃത്രിമത്തിലൂടെയാണ് ഹരിയാനയിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തി. ബിഹാറിൽ നിർണായകമായ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് തെളിവുകൾ സഹിതമുള്ള കണക്കുകകൾ പുറത്തുവിട്ടത്.
25 ലക്ഷം വ്യാജ വോട്ടർമാരെ ചേർത്ത് സംസ്ഥാനം തന്നെ തട്ടിയെടുത്ത ഏറ്റവും വലിയ വോട്ടുകൊള്ളക്കാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ഹരിയാന നിയസഭ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്ന് കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ വോട്ടർ പട്ടിക ഉദ്ധരിച്ച് രാഹുൽ വിശദീകരിച്ചു. കോൺഗ്രസിന്റെ സമ്പൂർണ വിജയം പ്രവചിച്ച എല്ലാ എക്സിറ്റ്പോൾ ഫലങ്ങളും ശരിവെക്കുന്ന രീതിയിലായിരുന്നു പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോഴുണ്ടായ മുൻതൂക്കം. 90 സീറ്റിൽ 73ലും കോൺഗ്രസ് ലീഡ് ചെയ്തു. ഇത് അട്ടിമറിക്കുന്നതാണ് പിന്നീട് കണ്ടത്. ഹരിയാനയില്‍ ഇതാദ്യമായാണ് പോസ്റ്റല്‍ വോട്ടിലെ ഫലവും അന്തിമ വോട്ടിലെ ഫലവും തമ്മില്‍ അന്തരമുണ്ടാകുന്നതെന്നും രാഹുൽ വിശദീകരിച്ചു. അയൽ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ കുടുംബങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് വ്യാജ വോട്ടുകൾ ഉൾപ്പെടുത്തി ബി.ജെ.പിയെ സഹായിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തിയത് വന്‍ തട്ടിപ്പാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാത്തത് അതുകൊണ്ടാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.