മുംബൈ: ലണ്ടൻ പരാമർശത്തിൽ മാപ്പ് പറയാൻ തന്‍റെ പേര് സവർക്കറല്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ മഹരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രംഗത്ത്. സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഷിൻഡെ ആവശ്യപ്പെട്ടു.
സവർക്കർ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിനാകെ ആരാധനാപാത്രമാണ്. രാഹുൽ ഗാന്ധി അദ്ദേഹത്തെ അപകീർത്തിപ്പെടുത്തി. മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് അദ്ദേഹം പറഞ്ഞു. സവർക്കറിനെ കുറിച്ച് രാഹുൽ എന്താണ് ചിന്തിക്കുന്നത്? ഇതിന് രാഹുൽ ശിക്ഷിക്കപ്പെടണമെന്നും ഏക്നാഥ് ഷിൻഡെ ചൂണ്ടിക്കാട്ടി.
ലോക്സഭ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി സവർക്കർ പരാമർശം നടത്തിയത്. ലണ്ടൻ പരാമർശത്തിൽ മാപ്പുപറയണമെന്ന ബി.ജെ.പി ആവശ്യം മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ, ‘തന്‍റെ പേര് സവർക്കറല്ല. ഞാൻ ഒരു ഗാന്ധിയനാണ്. മാപ്പു പറയില്ലെന്നു’മായിരുന്നു രാഹുലിന്‍റെ പ്രതികരണം.
എന്‍റെ അടുത്ത പ്രസംഗം പ്രധാനമന്ത്രി ഭയക്കുന്നതു കൊണ്ടാണ് ഞാൻ അയോഗ്യനാക്കപ്പെട്ടത്. മോദിയുടെ കണ്ണുകളിൽ ഞാൻ ഭയം കാണുന്നു. അതുകൊണ്ട് ഞാൻ പാർലമെന്‍റിൽ സംസാരിക്കുന്നത് അവർ ആഗ്രഹിക്കുന്നില്ല -രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.