രണ്ടരവർഷത്തിന്​ ശേഷം രാഹുൽ അമേത്തിയിൽ; കേന്ദ്ര, സംസ്​ഥാന സർക്കാർ നയങ്ങൾക്കെതിരെ പദയാത്ര ഇന്ന്​

അമേത്തി: രണ്ടരവർഷത്തിന്​ ശേഷം ഉത്തർപ്രദേശിലെ അമേത്തിയിലെത്തി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കേന്ദ്ര, സംസ്​ഥാന സർക്കാർ നയങ്ങൾക്കെതിരെ രാഹുലിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച പദയാത്ര സംഘടിപ്പിക്കും. കോൺഗ്രസ്​ ജനറൽ സെക്രട്ടറിയും യു.പിയുടെ ചുമതലയുള്ള നേതാവുമായ പ്രിയങ്ക ഗാന്ധിയും പദയാത്രയിൽ പ​െങ്കടുക്കും.

തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങളുടെ മുന്നോടിയായാണ്​ കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ അണിനിരക്കുന്ന പദയാത്ര. കേന്ദ്രസർക്കാറിനെതിരെ രാജസ്​ഥാനിൽ വൻ റാലി നടത്തിയതിന്​ പിന്നാലെയാണ്​ യു.പിയിൽ കോൺഗ്രസിന്‍റെ ആറുകിലോമീറ്റർ പദയാത്ര.

അമേത്തിയിൽനിന്ന്​ മൂന്നുതവണ ലോക്​സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്​ രാഹുൽ ഗാന്ധി. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ബി.ജെ.പിയുടെ സ്​മൃതി ഇറാനിയോട്​ 50,000 വോട്ടുകൾക്കാണ്​ രാഹുൽ ഗാന്ധി പരാജയപ്പെട്ടത്​. 2019 ജൂലൈ 10നായിരുന്നു രാഹുലിന്‍റെ അവസാന അമേത്തി സന്ദർശനം. തെരഞ്ഞെടുപ്പ്​ തോൽവി വിലയിരുത്തുന്നതിനായിരുന്നു ഇത്​.

അടുത്തവർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ അനുകൂല ഫലമുണ്ടാകുമെന്നാണ്​ കോൺ​ഗ്രസിന്‍റെ വിലയിരുത്തൽ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ്​ കോൺഗ്രസിന്‍റെ യു.പിയിലെ തെരഞ്ഞെടുപ്പ്​ പ്രവർത്തനം.

തെരഞ്ഞെടുപ്പിനെ സഖ്യമില്ലാതെ ഒറ്റക്ക്​ നേരിടാനാണ്​ കോൺഗ്രസിന്‍റെ തീരുമാനം. സ്​ത്രീകളെ ലക്ഷ്യംവെച്ചാണ്​ പ്രവർത്തനം. സ്​ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക പ്രിയങ്ക ഗാന്ധി പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ സ്​ത്രീകൾക്ക്​ നൽകുമെന്നും കോൺഗ്രസിന്‍റെ പ്രഖ്യാപനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പിയിൽ ക്യാമ്പ്​ ചെയ്യുന്നുണ്ട്​. യു.പി ഷാജഹാൻപൂരിലാണ്​ മോദിയുടെ സന്ദർശനം. ഒരാഴ്ചക്കിടെ മൂന്നാമത്തെ തവണയാണ്​ മോദി യു.പി സന്ദർശിക്കുന്നത്​. ഗംഗ എക്​സ്​പ്രസ്​ വേക്ക്​ തറക്കല്ലിടൽ ശനിയാഴ്ച​ മോദി നിർവഹിക്കും. 

Tags:    
News Summary - Rahul Gandhi returns to Amethi after 2 5 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.