രാഹുൽ ഗാന്ധി, വി.ഡി സവർക്കർ
'സവർക്കറെ മുസ്‌ലിം വിരോധിയാക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചു'; പുണെ കോടതിയിൽ സത്യകി സവർക്കർ
പുണെ: വി.ഡി. സവർക്കർ ഒരിക്കലും മുസ്‌ലിം വിഭാഗത്തെ വെറുത്തിരുന്നില്ലെന്നും, എന്നാൽ രാഹുൽ ഗാന്ധി അദ്ദേഹത്തെ 'കടുത്ത മുസ്‌ലിം വിരോധി'യായി ചിത്രീകരിക്കുകയാണുണ്ടായതെന്നും സവർക്കറുടെ സഹോദരപൗത്രൻ സത്യകി സവർക്കർ കോടതിയിൽ. രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ മാനനഷ്ടക്കേസിൽ പുണെയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയിൽ ക്രോസ് വിസ്താരത്തിനിടെ മൊഴി നൽകുകയായിരുന്നു അദ്ദേഹം. സവർക്കറുടെ രചനകളിൽ മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്കുള്ള വഴികളാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും സത്യകി കോടതിയെ അറിയിച്ചു.
2023 മാർച്ച് 5-ന് ലണ്ടനിൽ വെച്ച് നടന്ന ഓവർസീസ് കോൺഗ്രസ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. സവർക്കറും കൂട്ടുകാരും ചേർന്ന് ഒരു മുസ്‌ലിം യുവാവിനെ മർദ്ദിച്ചുവെന്നും അതിൽ സവർക്കർ സന്തോഷം കണ്ടെത്തിയെന്നും സ്വന്തം പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പ്രസംഗം. എന്നാൽ സവർക്കർ അങ്ങനെയൊരു സംഭവം പുസ്തകത്തിൽ എഴുതിയിട്ടില്ലെന്നും, അദ്ദേഹത്തെ ഒരു ആൾക്കൂട്ട അക്രമിയായും മുസ്‌ലിം വിരോധിയായും ബോധപൂർവം ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താനാണ് രാഹുൽ ശ്രമിച്ചതെന്നും സത്യകി ആരോപിച്ചു.
അതേസമയം, ക്രോസ് വിസ്താരത്തിനിടെ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ, സത്യകിയുടെ മുത്തശ്ശനും ഗാന്ധിവധ ഗൂഢാലോചനക്കേസിലെ പ്രതിയുമായ ഗോപാൽ ഗോഡ്സെയുടെ 2004-ലെ വീഡിയോ അഭിമുഖം കോടതിയിൽ ഹാജരാക്കി. നാഥുറാം ഗോഡ്സെ ആർഎസ്എസ് സ്വയംസേവകനായിരുന്നുവെന്ന് ഗോപാൽ ഗോഡ്സെ ഈ അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്. സവർക്കറുടെ കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് അന്തമാനിൽ അമിത് ഷായും മോഹൻ ഭാഗവതും ചേർന്ന് പ്രതിമ അനാച്ഛാദനം ചെയ്തതെന്നും, ആർഎസ്എസ് സവർക്കറുടെ പ്രത്യയശാസ്ത്രം പൂർണമായി പിന്തുടരുന്നുണ്ടോ എന്ന് തനിക്കറിയില്ലെന്നും സത്യകി വിസ്താരത്തിനിടെ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.