രാംലീല മൈതാനം

ജന്തർ മന്തറിന് വെട്ട്, പകരം രാംലീല മൈതാനം; പക്ഷേ ഈ വർഷം ബുക്കിങ് ലഭ്യമായത് വെറും മൂന്ന് ദിവസത്തേക്ക് മാത്രം

ന്യൂഡൽഹി: ജന്തർ മന്തറിനെ സമരവേദിയിൽ നിന്നും ഒഴിവാക്കി ഡൽഹി പൊലീസ് അനുവദിച്ച പുതിയ പ്രതിഷേധ കേന്ദ്രങ്ങളിൽ ഒന്നായ രാംലീല മൈതാനത്ത് സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നത് ജനങ്ങൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാകുമെന്ന് വിലയിരുത്തൽ. കൂടാതെ അടുത്ത രണ്ടര മാസത്തേക്ക് മൈതാനത്ത് ബുക്കിങ് സൗകര്യമില്ലെന്നും, നിലവിൽ ഒരു ദിവസത്തെ ബുക്കിങ്ങിന് തന്നെ ഒരു ലക്ഷം രൂപയിലധികം ചെലവ് വരുമെന്നുമാണ് റിപ്പോർട്ട്.

ഔദ്യോഗിക വിവരങ്ങൾ പ്രകാരം 12 ഏക്കർ വിസ്തൃതിയുള്ളതും 50,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതുമായ മൈതാനം, ഈ വർഷം ഇനി ഡിസംബർ 29, 30, 31 തീയതികളിൽ മാത്രമാണ് ബുക്ക് ചെയ്യാൻ സാധിക്കുക. മൈതാനത്തിന്റെ പ്രതിദിന വാടക 50,000 രൂപയാണ്. കൂടാതെ തിരികെ ലഭിക്കുന്ന 55,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും നികുതിയും ഉൾപ്പെടെ ഒരു ദിവസത്തെ പ്രാരംഭ ചെലവ് ഏകദേശം 1.21 ലക്ഷം രൂപ വരും.

പ്രതിഷേധങ്ങൾക്കായി ചെറിയൊരു ഭാഗം സൗജന്യമായി മാറ്റിവെച്ചിട്ടുണ്ടെങ്കിലും, അതിന് 150 പേരെ ഉൾക്കൊള്ളാനുള്ള ശേഷി മാത്രമേയുള്ളൂ. മുമ്പ് പ്രതിഷേധങ്ങൾ നടന്നിരുന്ന ജന്തർ മന്ദറിൽ ഇത്തരത്തിൽ ഫീസ് ഈടാക്കിയിരുന്നില്ല. എന്നിരുന്നാലും ജന്തർ മന്തറിലെ പോലെ രാംലീല മൈതാനത്തെ സൗജന്യ പ്രതിഷേധ വേദിക്കും അനുമതി വാങ്ങിക്കണം.

മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹിയുടെ (എംസിഡി) ഹോർട്ടികൾച്ചർ വകുപ്പാണ് മൈതാനം അനുവദിക്കുന്നത്. എന്നാൽ, മുനിസിപ്പൽ ബോർഡിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് ഡൽഹി പോലീസിന്റെ എൻ.ഒ.സി നിർബന്ധമാണ്. പൊലീസ് കമീഷണറുടെ ഉത്തരവ് പ്രകാരം ജന്തർ മന്ദർ ഒഴിവാക്കി രാംലീല മൈതാനം, ബുരാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സി.ബി.ഡി മൈതാനം എന്നിവയാണ് പുതിയ പ്രതിഷേധ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്.

ദീപാവലി, ദസറ തുടങ്ങിയ പ്രധാന ഉത്സവങ്ങളും വിവിധ പരിപാടികളും വരാനിരിക്കുന്നതിനാൽ മൈതാനം നിലവിൽ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. തിരക്കേറിയ വാണിജ്യ മേഖലയിലാണ് മൈതാനം സ്ഥിതി ചെയ്യുന്നത്. സമീപത്തായി മൂന്ന് ആശുപത്രികളും മുനിസിപ്പൽ കോർപ്പറേഷന്റെ ആസ്ഥാനവുമുണ്ട്. വലിയ പരിപാടികൾ നടക്കുമ്പോൾ ഈ പ്രദേശത്തെ ഗതാഗതം പൂർണ്ണമായും സ്തംഭിക്കാറുണ്ട്.

1930 വരെ ഇതൊരു കുളമായിരുന്നു. പിന്നീട് രാംലീല നടത്തുന്നതിനായി ഇത് നികത്തി സമതലമാക്കി. 1932 മുതൽ ഇവിടെ രാംലീല നടത്തിവരുന്നുണ്ട്. സ്വാതന്ത്രത്തിന് ശേഷം 1951ൽ പാകിസ്താനിൽ നിന്നെത്തിയ അഭയാർഥികൾക്കായി ഈ പ്രദേശം വികസിപ്പിച്ചു. ശ്യാമപ്രസാദ് മുഖർജി, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ജയപ്രകാശ് നാരായൺ, അടൽ ബിഹാരി വാജ്പേയ്, അരവിന്ദ് കെജ്‌രിവാൾ തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ ഒത്തുകൂടിയ രാജ്യത്തെ പ്രധാന രാഷ്ട്രീയ വേദികളിലൊന്നാണിത്.

Tags:    
News Summary - Delhi Protest Venue Crisis: Ramlila Maidan Open for Just 3 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.