അറസ്റ്റിലായ മുഅദ്ദിൻ മുഹമ്മദ് ഫൈസാൻ

ബാങ്ക് വിളി ശബ്ദം കൂടിയെന്നാരോപിച്ച് മുഅദ്ദിൻ അറസ്റ്റിൽ; ലൗഡ് സ്പീക്കറുകൾ പിടിച്ചെടുത്തു

ലഖ്‌നോ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ബാങ്ക് വിളിയുടെ ശബ്ദം നിശ്ചിത പരിധിയിൽ കൂടുതലായതിനെ തുടർന്ന് പള്ളിയിലെ മുഅദ്ദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പള്ളിയിലെ ലൗഡ് സ്പീക്കറുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബിജ്‌നോർ ജില്ലാ മജിസ്‌ട്രേറ്റ് (DM) ഉമേഷ് പ്രതാപ് സിങ്, സൂപ്രണ്ട് ഓഫ് പൊലീസ് (SP) കൃഷ്ണ കുമാർ ബിഷ്‌ണോയ് എന്നിവർ പരാതി പരിഹാര പരിപാടിയിൽ പങ്കെടുക്കാൻ നജീബാബാദിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. മൊഹല്ല മഖ്ബറയിലൂടെ കടന്നുപോകുമ്പോൾ ഒരു മസ്ജിദിൽ നിന്ന് വളരെ ഉയർന്ന ശബ്ദത്തിൽ ബാങ്ക് വിളി ഉയരുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.

എസ്‌പിയുടെ നിർദ്ദേശപ്രകാരം പൊലീസ് സ്ഥലത്തെത്തി ബാങ്ക് വിളിച്ച മുഅദ്ദിൻ മുഹമ്മദ് ഫൈസാനെ കസ്റ്റഡിയിലെടുക്കുകയും മസ്ജിദിൽ സ്ഥാപിച്ചിരുന്ന ലൗഡ് സ്പീക്കറുകൾ പിടിച്ചെടുക്കുകയും ചെയ്തു. സബ് ഇൻസ്‌പെക്ടർ സൗരഭ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങൾ ലംഘിച്ചതിന് ഫൈസാനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. തുടർന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാൻഡ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിന് പ്രദേശത്തെ ബീറ്റ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ, തങ്ങളുടെ പരിധിയിലെ ആരാധനാലയങ്ങളിൽ ഉപയോഗിക്കുന്ന ലൗഡ് സ്പീക്കറുകൾ നിർദ്ദിഷ്ട ശബ്ദപരിധിക്കുള്ളിലാണെന്ന് ബീറ്റ് കോൺസ്റ്റബിൾമാർ വഴി ഉറപ്പുവരുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ ബിജ്‌നോറിലെ മുഴുവൻ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജുമാർക്കും ഉത്തരവ് നൽകി. വീഴ്ച വരുത്തുന്ന പോലീസുകാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ആരാധനാലയങ്ങളിൽ നിന്നായി 2,509 ലൗഡ് സ്പീക്കറുകൾ പൊലീസ് നീക്കം ചെയ്തിരുന്നു. ഇതിൽ 1,323 മസ്ജിദുകൾ, 1,116 ക്ഷേത്രങ്ങൾ, 70 ഗുരുദ്വാരകൾ എന്നിവ ഉൾപ്പെടുന്നു.

സഹാരൻപൂരിലെ മസ്ജിദുമായി ബന്ധപ്പെട്ട കേസിൽ ഒക്ടോബർ 1ന് അലഹബാദ് ഹൈകോടതി സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു. ശബ്ദമലിനീകരണ നിയമങ്ങൾ പാലിക്കുന്നിടത്തോളം അഞ്ചുനേരത്തെ ബാങ്ക് വിളിയെ അധികാരികൾ തടസ്സപ്പെടുത്തരുതെന്ന് കോടതി നിർദ്ദേശിച്ചു. അതേസമയം, ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരമുള്ള മൗലികാവകാശമല്ലെന്നും, ഇത് 'ശബ്ദമലിനീകരണ (നിയന്ത്രണ) നിയമം 2000' പ്രകാരമുള്ള പരിധികൾക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു

Tags:    
News Summary - High Azan Volume Leads to Muezzin Arrest and Speaker Seizure in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.