ഭരണകൂടങ്ങളെ വിറപ്പിക്കുന്ന ആ കൊടി; ഡൽഹി സമരത്തിൽ നേഹ ബോറ അണിഞ്ഞ 'വൺ പീസ്' ചിഹ്നത്തിന് പിന്നിലെന്ത്

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിലും സുപ്രീം കോടതി മാർച്ചിനുമിടയിൽ നടന്ന യുവജന പ്രക്ഷോഭങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഒരു അനിമേഷൻ കഥാപാത്രത്തിന്റെ പതാകയാണ്. ഐസ ദേശീയ പ്രസിഡന്റും ആക്ടിവിസ്റ്റുമായ നേഹ ബോറ ധരിച്ച ചുവന്ന 'വൺ പീസ്' (One Piece) ടി-ഷർട്ടും അതിലെ 'ജോളി റോജർ' ചിഹ്നവും നിലവിൽ ഭരണകൂട കേന്ദ്രങ്ങളിൽ പോലും വലിയ ചർച്ചകൾക്കാണ് വഴിതുടന്നിരിക്കുന്നത്. ഏകാധിപത്യ പ്രവണതകൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ ലോകമെമ്പാടുമുള്ള ചെറുപ്പക്കാർ ഉയർത്തിപ്പിടിക്കുന്ന ഈ 'പൈറേറ്റ് പതാക' എന്തുകൊണ്ട് സർക്കാരുകളെ ഭയപ്പെടുത്തുന്നു?

 

പ്രശസ്തമായ ജാപ്പനീസ് അനിമേഷൻ പരമ്പരയായ 'വൺ പീസിലെ' നായകൻ മങ്കി ഡി ലുഫിയുടെയും സ്ട്രോ ഹാറ്റ് പൈറേറ്റ്‌സിന്റെയും അടയാളമാണ് ചിരിച്ചുകൊണ്ടുള്ള തലയോട്ടിയും വൈക്കോൽ തൊപ്പിയുമുള്ള ഈ പതാക. അധികാരവർഗത്തിന്റെയും ക്രൂരരായ ഭരണാധികാരികളുടെയും അഴിമതിക്കെതിരെ പോരാടുന്ന കഥാപാത്രങ്ങളുടെ ഈ കൊടി, ഇന്ന് യാഥാർത്ഥ്യ ലോകത്തെ യുവജന പ്രക്ഷോഭങ്ങളുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞിരിക്കുന്നു.

വെറുമൊരു കാർട്ടൂൺ പ്രതീകത്തിനപ്പുറം, ഇന്തോനേഷ്യ, നേപ്പാൾ, ഫിലിപ്പീൻസ്, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ സെൻസർഷിപ്പിനും ഭരണകൂട ചൂഷണങ്ങൾക്കുമെതിരെ തെരുവിലിറങ്ങിയ ചെറുപ്പക്കാർ ഈ പതാകയാണ് തങ്ങളുടെ ആയുധമാക്കിയത്. ഇന്തോനേഷ്യയിലെ തെരുവുകളിലും നേപ്പാളിലെ ജനകീയ പ്രക്ഷോഭങ്ങളിലും ഈ ചിഹ്നം ഭരണകൂടങ്ങളെ വിറപ്പിച്ചിരുന്നു.

 

നേരത്തെ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചക്കെതിരെ ഡൽഹിയിലും കൊൽക്കത്തയിലും നടന്ന വിദ്യാർത്ഥി സമരങ്ങളിലും ഈ അനിമേഷൻ റഫറൻസ് ശ്രദ്ധ നേടിയിരുന്നു. നിലവിൽ തിരഞ്ഞെടുപ്പ് കമീഷന്റെയും കേന്ദ്ര സർക്കാരിന്റെയും നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളിലും യുവജനങ്ങൾ ഈ ചിഹ്നം മുന്നോട്ടുവെക്കുന്നു. അധികാരത്തിന്റെ ഭീകരതയെയും അടിച്ചമർത്തലുകളെയും ചോദ്യം ചെയ്യുന്ന ഇന്നത്തെ തലമുറയുടെ ആഗോള ചെറുത്തുനിൽപ്പിന്റെ ശക്തമായ സന്ദേശമാണ് 'ജോളി റോജർ' എന്ന ഈ കൊടി അടയാളപ്പെടുത്തുന്നത്. "ശക്തനായ ഏതൊരു എതിരാളിക്കെതിരെയും സാധാരണക്കാർക്ക് വിജയം നേടാൻ കഴിയും'' എന്ന ശക്തമായ രാഷ്ട്രീയ സന്ദേശമാണ് ഈ ചിഹ്നം ഭരണകൂടങ്ങൾക്ക് നൽകുന്നത്.

Tags:    
News Summary - Jolly Roger Symbolizes Youth Resistance: Neha Bora Sports 'One Piece' T-Shirt at Delhi Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.