ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ മോദിയെ പരിഹസിച്ച് രാഹൽ ഗാന്ധിയുടെ ട്വീറ്റ്. 'കാലാവസ്ഥാ പ്രവചനം: വാചകക്കസർത്തിന്‍റെ പെരുമഴ ഇന്ന് ഗുജറാത്തിൽ പ്രതീക്ഷിക്കാം' എന്നാണ് കോൺഗ്രസ് ഉപാധ്യക്ഷന്‍റെ ഹിന്ദിയിലെഴുതിയ ട്വീറ്റ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ മോദി കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ഗുജറാത്തിന് വേണ്ടി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷിക്കുന്നതിനിടെയാണ് രാഹുലിന്‍റെ പരിഹാസത്തിൽ പൊതിഞ്ഞ ട്വീറ്റ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കെ, ഗുജറാത്തിൽ 12,500 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിക്കുക എന്ന വാർത്ത കൂടി രാഹുൽ ട്വീറ്റിനൊപ്പം ടാഗ് ചെയ്തിട്ടുണ്ട്.
ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മേൽ സമ്മർദ്ദമുണ്ടെന്ന് കോൺഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. നവംബർ 9 ആണ് ഹിമാചലിലെ തെരഞ്ഞെടുപ്പ് തിയതി. ഡിസംബർ 18നാണ് ഫലം പുറത്തുവരിക.
എന്നാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് എന്ന ചോദ്യത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കൃത്യമായ ഉത്തരം നൽകിയിരുന്നില്ല. തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ പദ്ധതികൾ പ്രഖ്യാപിക്കാൻ ആവില്ല എന്നതിനാൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് ദിനം പ്രഖ്യാപിക്കാൻ വൈകുന്നത് എന്നാണ് കോൺഗ്രസിന്‍റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.