ബംഗളൂരു: യെലഹങ്കയിൽ ബുൾഡോസർ രാജിലൂടെ വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനെതിരെ വിദ്വേഷപ്രചാരണവുമായി ബി.ജെ.പി. കോൺഗ്രസ് സർക്കാറിന്റെ പ്രീണന രാഷ്ട്രീയം കാരണം സംസ്ഥാനത്ത് ‘മിനി ബംഗ്ലാദേശ്’ സൃഷ്ടിക്കുകയാണെന്ന് ബി.ശജ.പി നേതാവും പ്രതിപക്ഷ നേതാവുമായ ആർ. അശോക ആരോപിച്ചു. യെലഹങ്കയിലെ കൊഗിലു ലേഔട്ട് സന്ദർശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മുഖ്യമന്ത്രി സിദ്ധരാമയ്യ വൻതോതിലുള്ള കൈയേറ്റങ്ങളെയും അനധികൃത കുടിയേറ്റങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്. ഒരു വർഷം മുമ്പ് ഗൂഗ്ൾ മാപ്പിൽ ഈ പ്രദേശത്ത് വീടുകളൊന്നും കാണിച്ചിരുന്നില്ല. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് ജനവാസ കേന്ദ്രങ്ങൾ ഉയർന്നുവന്നത്. ഇത്ര വേഗത്തിൽ വൈദ്യുതി കണക്ഷനുകൾ എങ്ങനെ നൽകി. കോൺഗ്രസ് സർക്കാർ കർണാടകയിൽ നിരവധി ബംഗ്ലാദേശികളെ സൃഷ്ടിക്കുകയാണ്. ഇത്രയും കാലം കന്നടിഗരെ വിഡ്ഢികളാക്കി. ഇപ്പോൾ സംസ്ഥാനത്ത് മിനി ബംഗ്ലാദേശ് നിർമിക്കുന്നു. ഇവിടെ നാലു ലക്ഷത്തോളം ആളുകൾക്ക് വൈദ്യുതിയില്ല. അതേസമയം, കൊഗിലു ചേരിയിലെ താമസക്കാർക്ക് ഉയർന്ന നിലവാരമുള്ള കേബ്ൾ വൈദ്യുതി കണക്ഷനുകൾ നൽകിയിട്ടുണ്ട്’ -അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തെ നികുതിദായകർ വൈദ്യുതിയില്ലാതെ ജീവിക്കുമ്പോൾ എങ്ങനെയാണ് ഇവർക്ക് വിലകൂടിയ കേബ്ൾ കണക്ഷനുകൾ ലഭിക്കുന്നത്? അവർ സിദ്ധരാമയ്യയുടെ ബന്ധുക്കളാണോ? ആന്ധ്രപ്രദേശിലെ പെനുകൊണ്ടയിൽനിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന താമസക്കാർ അവരുടെ പ്രായത്തെയും താമസ കാലയളവിനെയും കുറിച്ചുള്ള പരസ്പരവിരുദ്ധ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. ഏകദേശം 600 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഏതു നിയമപ്രകാരമാണ് സർക്കാർ അനുവദിച്ചത്. വെള്ളപ്പൊക്ക ദുരിതബാധിതരെയും വിദ്യാഭ്യാസ മേഖലയെയും സർക്കാർ അവഗണിച്ചെന്നും അദ്ദേഹം ആരോപിച്ചു. വെള്ളപ്പൊക്കത്തിൽ ഏകദേശം 13,000 വീടുകൾക്ക് കേടുപാട് സംഭവിച്ചു. കർഷകർക്ക് ഇപ്പോഴും വീടില്ല. 2,400 സ്കൂളുകളുടെ മേൽക്കൂര പറന്നുപോയി. പക്ഷേ, ഇവിടെ രണ്ട് ദിവസത്തിനുള്ളിൽ ഫ്ലാറ്റു അനുവദിക്കുന്നു. പുനരധിവാസത്തിന്റെ പേരിൽ സർക്കാർ ‘ബംഗ്ലാദേശികളെ’അനുകൂലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.