പുതുവർഷത്തിലും ഡൽഹി ഗ്യാസ്‌ചേമ്പറിൽ; വായു നിലവാരം ഗുരുതര നിലയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പുകമഞ്ഞിന്റെ അളവ് കുറഞ്ഞിട്ടും വായു ഗുണനിലവാരം (എ.ക്യു.ഐ) ഗുരുതര നിലയിൽ തുടരുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. പുതുവർഷ പുലരിയിൽ 382 ആണ് ഡൽഹിയിലെ എ.ക്യു.ഐ. മേഘാവൃതമായ ആകാശമാണ് രാവിലെ കാണുന്നതെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും താഴ്ന്ന താപനിലയും (14.2 ഡിഗ്രി സെൽഷ്യസ്) ഡൽഹിയിൽ രേഖപ്പെടുത്തിയിരുന്നു. 2019ൽ 9.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ശേഷം ആദ്യമായാണ് ഡിസംബറിൽ താപനില ഇത്രയും താഴുന്നത്.

കനത്ത മൂടൽമഞ്ഞ് സൃഷിടിച്ച പ്രതിസന്ധി സമീപ ദിവസങ്ങളിൽ ഡൽഹിയിലെ വിമാന സർവീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 148 വിമാന സർവീസുകൾ റദ്ദാക്കുന്ന അവസ്ഥവരെ വന്നു. 150ലധികം വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം വൈകുകയും ചെയ്തു. ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകളാണ് ഏറെയും തടസ്സപ്പെട്ടത്. സീറോ വിസിബിലിറ്റി പ്രശ്‌നത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, വായുനിലവാരം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ നിർദേശിച്ച വർക്ക് ഫ്രം ഹോം നയം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകണമെന്ന ഉത്തരവ് പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിനും തൊഴിൽ വകുപ്പിനും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് നിർദേശം നൽകിയിരുന്നു.

മലിനീകരണ നിയന്ത്രണത്തിനായുള്ള ജിആർഎപി-4 നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഓഫിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ പല സ്ഥാപനങ്ങളും ഇത് പൂർണമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന കർശനമാക്കുന്നത്. റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണ തോത് നിയന്ത്രിക്കാനാണ് നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Delhi air quality remains very poor on New Year's Day, light rain expected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.