സമാധാനാഹ്വാനം ഇന്ത്യയുടെ പാരമ്പര്യം; ഇമാമിനെയും സക്‌സേനയെയും പുകഴ്ത്തി രാഹുൽ

ന്യൂഡൽഹി: വര്‍ഗീയ കലാപങ്ങളില്‍ സ്വന്തം മക്കളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും നാടിന്‍റെ സമാധാനത്തിനായി ആഹ്വാനം ചെയ്ത പിതാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ പള്ളിയിലെ ഇമാം ഇംദാദുല്‍ റാഷിദിയും ഡല്‍ഹിയിലെ യശ്പാല്‍ സക്‌സേനയുമാണ് പുത്രദുഃഖത്തിനിടയിലും സമാധാനത്തിനായി നിലകൊണ്ട് രാജ്യത്തിന് മാതൃകയായത്. 

വര്‍ഗീയ കലാപത്തില്‍ സ്വന്തം മക്കള്‍ കൊല്ലപ്പെട്ടിട്ടും ഇമാം റാശിദിയും യശ്പാല്‍ സക്‌സേനയും ഉയർത്തിയ സ്‌നേഹത്തിന്‍റെ സന്ദേശം നമ്മുടെ നാടിന്‍റെ പാരമ്പര്യമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. സ്‌നേഹം എപ്പോഴും വെറുപ്പിനെ അതിജീവിക്കും. കോണ്‍ഗ്രസിന്‍റെ പാരമ്പര്യം സാഹോദര്യമാണ്. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുെടയും ആശയങ്ങളെ രാജ്യത്ത് വിജയിക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

രാംനവമി ആഘോഷങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് 16കാരനായ മകനെ ഇമാം ഇംദാദുല്‍ റാഷിദിക്ക് നഷ്ടപ്പെട്ടമായത്. മകന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് ഒത്തുകൂടിയ ആയിരക്കണക്കിന് ആളുകളോടാണ് ഇമാം റാഷിദി പ്രത്യാക്രമണത്തിന് മുതിരരുതെന്ന് അഭ്യർഥിച്ചത്. ദാരുണ സംഭവത്തെ തുടർന്ന് നാട്ടിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടാതിരിക്കാനായിരുന്നു ഇമാമിന്‍റെ ശ്രമം.

മുസ്‌ലിം പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന് നടുറോഡില്‍ കൊല ചെയ്യപ്പെട്ട 23കാരൻ അങ്കിത് സക്‌സേനയുടെ പിതാവാണ് യശ്പാല്‍ സക്‌സേന. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രഘുവീര്‍ നഗറിലെ റോഡില്‍ കാമുകിയുടെ പിതാവും അമ്മാവനും സഹോദരനും ചേര്‍ന്നാണ് കഴുത്ത് മുറിച്ച് അങ്കിതിനെ കൊലപ്പെടുത്തിയത്.

ജീവിതത്തില്‍ സംഭവിച്ചിരിക്കുന്ന നഷ്ടത്തില്‍ അതീവ ദുഖിതനാണെന്നും എന്നാല്‍ ഇതിന്‍റെ പേരില്‍ ഒരു തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങളും നടത്തുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും യശ്പാല്‍ പറഞ്ഞത്. എല്ലാ മതവിശ്വാസികളെയും താന്‍ ഒരു പോലെയാണ് കണ്ടിരുന്നത്. ഏതാനും പേര്‍ ചെയ്ത തെറ്റിന് മുഴുവന്‍ സമുദായംഗങ്ങളെയും ആക്ഷേപിക്കുന്നത് ശരിയല്ല. ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുവാന്‍ തന്നെയും മകനെയും ഉപയോഗിക്കരുതെന്നും യശ്പാല്‍ ജനങ്ങളോട് അഭ്യർഥിച്ചു.

'എനിക്ക് മകനെ നഷ്ടമായി. ഇനി ഒരു കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാന്‍ പാടില്ല. ഒരു വീടുകളും കത്തിയെരിയാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാൽ ഞാന്‍ ഈ പള്ളിയും നാടും ഉപേക്ഷിച്ച് പോകും' എന്നാണ് ഇമാം റാഷിദി ജനങ്ങളോട് പറഞ്ഞത്.

രാം നവമി ആഘോഷത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട നാലാമത്തെയാളാണ് ഇംദാദുല്‍ റാഷിദിയുടെ മകന്‍. പത്താം ക്ലാസ് പരീക്ഷയെഴുതിയ സിബ്ദുള്ള റാശിദിയെന്ന 16കാരനാണ് സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ സിബ്ദുള്ളയെ കാണാതായിരുന്നു. അസന്‍സോളിലെ രാലി പാര്‍ പ്രദേശത്തെ സംഘര്‍ഷത്തിനിടെയാണ് മകനെ കാണാതാകുന്നത്. 

ബുധനാഴ്ച വൈകീട്ടാണ് സിബ്ദുള്ളയുടെ മൃതശരീരം കണ്ടെത്തുന്നതെങ്കിലും തിരിച്ചറിയുന്നത് അടുത്ത ദിവസമാണ്. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് സിബ്ദുള്ള മരിച്ചത്. വീട്ടിൽ നിന്ന് പുറത്തേക്ക് പോയ മകൻ കലാപകാരികളുടെ കയ്യിലകപ്പെട്ടു. ഇതുകണ്ട മൂത്ത മകന്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കാനായി പോയി. എന്നാൽ, അവനെ സ്റ്റേഷനില്‍ പിടിച്ചുവെക്കുകയാണ് ഉണ്ടായതെന്നും റാഷിദി പറഞ്ഞു. 

അസന്‍സോള്‍ പള്ളിയിലെ ഇമാമായിട്ട് 30 വര്‍ഷത്തിലധികമായി. ജനങ്ങള്‍ക്ക് ഞാന്‍ നല്‍കേണ്ടത് നല്ല സന്ദേശമാണ്. എനിക്കുണ്ടായ വ്യക്തിപരമായ നഷ്ടമാണ്. അത് ഞാന്‍ ഏറ്റെടുക്കുന്നു. പക്ഷേ അക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അത് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Rahul Gandhi hails Iman Rashidi, Yashpal Saxena -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.