പ്രധാനമന്ത്രി ജൻമം ​കൊണ്ട് ഒ.ബി.സിക്കാരനല്ല; അദ്ദേഹം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒ.ബി.സി കുടുംബത്തിൽ ജനിച്ച വ്യക്തിയല്ലെന്നും സ്വയം ഒ.ബി.സി ആണെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒഡിഷയിൽ ഭാരത് ​ജോഡോ ന്യായ് യാത്രയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പാർലമെന്റിൽ സബ്സെ ബഡാ ഒ.ബി.സി എന്ന് പ്രധാനമന്ത്രി സ്വയം വിശേഷിപ്പിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. കോൺഗ്രസിന് കാപട്യവും ഇരട്ടത്താപ്പ് നയവുമാണെന്നും മോദി ആരോപിച്ചിരുന്നു. തിങ്കളാഴ്ച ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മറുപടിയായായിരുന്നു മോദിയുടെ പ്രസംഗം.

​''താൻ ഒ.ബി.സി ആണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മോദിജി. 2000ത്തിലാണ് അദ്ദേഹത്തിന്റെ ജാതിയായ തെലി ഗുജറാത്തിലെ ബി.ജെ.പി സർക്കാർ ഒ.ബി.സി പട്ടികയിൽ പെടുത്തിയത്. യഥാർഥത്തിൽ മോദി ജൻമം കൊണ്ട് ഒ.ബി.സി അല്ല.''-രാഹുൽ ഗാന്ധി പറഞ്ഞു. ഇക്കാര്യം എല്ലാ ബി.ജെ.പി പ്രവർത്തകരെയും അറിയിക്കണമെന്നും രാഹുൽ അസം ജനതയോട് ആവശ്യപ്പെട്ടു.

കോൺഗ്രസും യു.പി.എ സർക്കാരും ഒ.ബി.സിക്കാർക്ക് നീതി നൽകിയില്ല. ഒ.ബി.സിക്കാരെ കോൺഗ്രസിന് സഹിക്കാനാകില്ല. സർക്കാരിൽ എത്ര ഒ.ബി.സിക്കാരുണ്ടെന്നാണ് അവർ കണക്കുകൂട്ടുന്നത്.-എന്നായിരുന്നു മോദിയുടെ ആരോപണം.

ഒഡിഷയിലെ ജോഡോ യാ​ത്രക്ക് വ്യാഴാഴ്ച സമാപനമായി. ഫെബ്രുവരി 11ന് ഛത്തീസ്ഗഢിൽ നിന്നാണ് ഇനി യാത്ര പുനരാരംഭിക്കുക. ജനുവരി 14 ന് മണിപ്പൂരിലെ തൗബാലിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസങ്ങളിലായി 6,700 കിലോമീറ്റർ ദൂരത്തിൽ 110 ജില്ലകളാണ് താണ്ടുന്നത്. 67 ദിവസങ്ങൾക്ക് ശേഷം മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.

Tags:    
News Summary - Rahul Gandhi claims PM Modi not OBC by birth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.