നീറ്റ് വിവാദത്തിൽ മൗനം വെടിഞ്ഞ് രാഘവ് ചദ്ദ -മാധ്യമ സ്റ്റണ്ട് പോര, ഔദ്യോഗിക പരിഹാരമാണ് ആവശ്യം

കോഴിക്കോട്: രാജ്യം അസാധാരണമായ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ച നീറ്റ് പേപ്പർ ചോർച്ച വിഷയത്തിൽ മൗനം വെടിഞ്ഞ് രാജ്യസഭാ എം.പി. രാഘവ് ചദ്ദ. ഇത്തരം പ്രശ്നങ്ങൾ "മാധ്യമങ്ങളിലെ ശബ്ദ കോലാഹലങ്ങളിലൂടെയല്ല, പകരം ഔദ്യോഗിക നടപടികളിലൂടെയാണ് പരിഹരിക്കേണ്ടത്" എന്ന് മുൻ ആപ് നേതാവ് പറഞ്ഞു. വിഷയത്തിൽ തന്റെ മുൻ പാർട്ടിയായ ആപിനെയും കോൺഗ്രസിനെയും വിമർശിച്ച ചദ്ദ, പ്രതിപക്ഷത്തുനിന്ന് ഭരണപക്ഷത്തേക്ക് മാറിയതോടെ തന്റെ പങ്കും മാറിയിട്ടുണ്ടെന്നും ഇപ്പോൾ തന്റെ ശ്രദ്ധ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിലാണെന്നും കൂട്ടിച്ചേർത്തു.

നീറ്റ് പേപ്പർ ചോർച്ചയെക്കുറിച്ച് താൻ എന്തുകൊണ്ട് സംസാരിച്ചില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. മുമ്പ് ഞാൻ പ്രതിപക്ഷത്തായിരുന്നപ്പോൾ, ചോദ്യങ്ങൾ ചോദിക്കുക എന്നതായിരുന്നു എന്റെ ജോലി. ഞാൻ അത് സത്യസന്ധമായി ചെയ്തു. ഇപ്പോൾ ഞാൻ ഭരണപക്ഷത്താണ്, അതിനാൽ എന്റെ പങ്ക് മാറിയിരിക്കുന്നു. ചോദ്യങ്ങൾ ചോദിക്കുക എന്നതല്ല, മറിച്ച് പരിഹാരങ്ങൾ നൽകുക എന്നതാണ് എന്റെ ഉത്തരവാദിത്തം- അദ്ദേഹം പറഞ്ഞു.

ക്യാമറകൾക്ക് മുന്നിൽ സംസാരിച്ച് തലക്കെട്ടുകൾ നേടുകയോ ഹാജർ രേഖപ്പെടുത്തുകയോ അല്ല തനിക്ക് വേണ്ടതെന്നും ഫലമാണ് വേണ്ടതെന്നും ചദ്ദ കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ നിരാശ ന്യായമാണ്. വിദ്യാർഥികളുടെ ആശങ്കകൾ കേട്ടറിഞ്ഞ് എൻ.ഡി.എ.-യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പെട്ടെന്ന് തന്നെ പ്രവർത്തിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രക്ഷിതാവിനെപ്പോലെയാണ് പ്രവർത്തിച്ചതെന്നും മുൻ ആപ് എം.പി. പറഞ്ഞു. തന്റെ പ്രസംഗത്തിനിടയിൽ, പേപ്പർ ചോർച്ചയെ ഒരു രാഷ്ട്രീയ ലെൻസിലൂടെ കാണരുതെന്ന് ബി.ജെ.പി. എം.പി. ഊന്നിപ്പറഞ്ഞു. അതൊരു വിട്ടുമാറാത്ത രോഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് സംസ്ഥാനത്താണ് പേപ്പർ ചോർച്ച ഉണ്ടായതെന്നോ, ഏത് മന്ത്രിയാണ് അധികാരത്തിലിരുന്നതെന്നോ, ഏത് രാഷ്ട്രീയ പാർട്ടിയാണ് അധികാരത്തിലുള്ളതെന്നോ എന്നത് വിഷയമാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 19-ന് നടന്ന പഞ്ചാബ് ഫാർമസി ഓഫീസർ റിക്രൂട്ട്മെന്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ചദ്ദ തന്റെ മുൻ പാർട്ടിയെയും കടന്നാക്രമിച്ചു. പരീക്ഷയ്ക്കിടെ ഉദ്യോഗാർത്ഥികൾ ബ്ലൂടൂത്ത് സഹായത്തോടെ കോപ്പിയടിച്ചെന്നും സംഘടിത കോപ്പിയടി സിൻഡിക്കേറ്റ് ഉദ്യോഗാർത്ഥികളിൽ നിന്ന് 13 ലക്ഷം രൂപ വരെ ഈടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിൽ ആപ് അധികാരത്തിൽ വന്നതിനുശേഷം നിരവധി റിക്രൂട്ട്മെന്റ് പരീക്ഷാ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - നീറ്റ് വിവാദത്തിൽ മൗനം വെടിഞ്ഞ് രാഘവ് ചദ്ദ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.