സാകിർ നായികിനെ വിട്ടുകിട്ടാൻ മലേഷ്യയുമായി ഇന്ത്യ ചർച്ച തുടരും
ന്യൂഡൽഹി: ഇസ്‍ലാമിക പ്രബോധകൻ സാകിർ നായികിനെ വിട്ടുകിട്ടുന്നതിന് മലേഷ്യയുമായി ഇന്ത്യ വിവിധ തലങ്ങളിൽ ചർച്ചകൾ തുടരുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സാകിർ നായികിന്റെ വിഷയം ഇന്ത്യ ഇപ്പോഴും പിന്തുടരുന്നുണ്ടെന്നും അദ്ദേഹം തുടർന്നു.
സാകിർ നായികിനെ വിട്ടുകിട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ചെയ്തുവെന്ന മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന്റെ പ്രസ്താവന ശരിവെച്ചാണ് വിദേശ കാര്യ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. സാകിർ നായികിന്റെ കാര്യത്തിൽ നിയമവാഴ്ച പുലരുമെന്ന് മലേഷ്യക്ക് ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും അൻവർ ഇബ്രാഹിം ന്യൂഡൽഹിയിൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
നാടുകടത്തുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ധാരണയുണ്ട്. എന്നാൽ, അങ്ങേയറ്റം ജാഗ്രതയോടെ നീങ്ങേണ്ടതുണ്ട്. നിയമവാഴ്ചയെയും ഉഭയകക്ഷി ബന്ധങ്ങളെയും ആദരക്കേണ്ടതുണ്ടെന്നും അൻവർ ഇബ്രാഹീം പറഞ്ഞിരുന്നു.
അനധികൃത പണമിടപാടും വിദ്വേഷ പ്രസംഗവും നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലാണ് 2016 മുതൽ മലേഷ്യയിൽ അഭയംതേടിയ സാകിർ നായികനെ വിട്ടു കിട്ടാൻ ഇന്ത്യ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.