'ദീപാവലിക്ക് പോലും ജോലി ചെയ്തു, ആശുപത്രിയിൽ കിടക്കുമ്പോഴും വർക്ക് ഫ്രം ഹോം'; അപ്രതീക്ഷിത പിരിച്ചുവിടലിൽ തകർന്ന് യുവാവും കുടുംബവും
ന്യൂഡൽഹി: പ്രമുഖ യു.എസ് ടെക് കമ്പനിയായ ഒറാക്കിളിൾ വൻതോതിലുള്ള പിരിച്ചുവിടലുകൾ നടത്തിയിരിക്കുകയാണ്. 12 വർഷത്തെ കഠിനാധ്വാനത്തിന് ശേഷം പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെട്ട സൗരഭ് സാഹു എന്ന ഉദ്യോഗസ്ഥന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഹൃദയഭേദകമായ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചൊവ്വാഴ്ച രാവിലെ പതിവുപോലെ ഓഫീസിലെ സിസ്റ്റത്തിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് തന്റെ അക്കൗണ്ട് ലോക്ക് ചെയ്യപ്പെട്ടതായി സൗരഭ് അറിയുന്നത്. ആഗോളതലത്തിൽ ഏകദേശം 2,500-ലധികം ജീവനക്കാരെയാണ് ഈ റൗണ്ടിൽ ഒറാക്കിൾ പിരിച്ചുവിട്ടിരിക്കുന്നത്.
തന്റെ ഭർത്താവിന്റെ ഈ നിസ്സഹായാവസ്ഥയും മാനസിക വേദനയും വ്യക്തമാക്കി അദ്ദേഹത്തിന്റെ ഭാര്യ പൂജ സാഹു ലിങ്ക്ഡ്ഇനിൽ കുറിപ്പ് പങ്കുവെച്ചു. കുടുംബം പുലർത്താനും കരിയറിൽ മുന്നേറാനും രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന എല്ലാ ജീവനക്കാർക്കും വേണ്ടിയാണ് ഈ കുറിപ്പെന്ന് പറഞ്ഞുകൊണ്ടാണ് അവർ തന്റെ വരികൾ ആരംഭിക്കുന്നത്. ദീപാവലി, ഹോളി തുടങ്ങിയ ആഘോഷ വേളകളിലും തങ്ങളുടെ വിവാഹ വാർഷികത്തിലും, കുട്ടികളുടെ പിറന്നാൾ ദിവസങ്ങളിലും, അവധിക്കാലങ്ങളിൽ പോലും സൗരഭ് തന്റെ ജോലിയോട് പൂർണ്ണ നീതി പുലർത്തിയിരുന്നു. ഒടുവിൽ താൻ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ കിടന്ന സമയത്ത് പോലും തന്റെ അരികിലിരുന്ന് അവൻ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജോലിയിൽ ലോഗിൻ ചെയ്തത് പൂജ വേദനയോടെ ഓർക്കുന്നു.
എത്രയൊക്കെ സമ്മർദ്ദങ്ങളും ജോലിഭാരവും ഉണ്ടെങ്കിലും മുഖത്തൊരു പുഞ്ചിരിയോടെ മാത്രം കാര്യങ്ങളെ സമീപിക്കുന്ന സൗരഭ് ചുറ്റുമുള്ള ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിരുന്നില്ല. എന്നാൽ കമ്പനിക്കും തങ്ങൾ ജീവനക്കാരെ എത്രത്തോളം വിലമതിക്കുന്നുവെന്ന് കാണിക്കാൻ ഇത്രമാത്രം സമർപ്പണബോധമുള്ള യുവാവിനെ പെട്ടെന്നൊരു ദിവസം ഒഴിവാക്കേണ്ടി വന്നത് ആ കുടുംബത്തെ വല്ലാതെ തകർത്തു കളഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിലേക്കും ക്ലൗഡ് സേവനങ്ങളിലേക്കും കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ വൻതോതിലുള്ള പിരിച്ചുവിടൽ നടന്നിരിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ ജീവനക്കാർക്ക് ലഭിച്ച ഇമെയിലിലൂടെയാണ് തങ്ങളുടെ തസ്തികകൾ റദ്ദാക്കപ്പെട്ട വിവരം കമ്പനി അവരെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.