ഏക സിവിൽകോഡിൽ ബി.ജെ.പി സഖ്യകക്ഷികൾ നിലപാട് വ്യക്തമാക്കണം - ഉവൈസി
ഭോപ്പാൽ: കേന്ദ്രത്തിൽ ബി.ജെ.പിയുമായി സഖ്യത്തിലുള്ള പാർട്ടികൾ ഏകീകൃത സിവിൽ കോഡിൽ (യു.സി.സി) നിലപാട് വ്യക്തമാക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തോട് നേരിയ തോതിൽ വിയോജിപ്പുണ്ടെങ്കിൽ വിയോജിപ്പുണ്ടെങ്കിൽ പോലും അവർ ഏകീകൃത സിവിൽ കോഡിനെ എതിർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 18 കോടി മുസ്‍ലിങ്ങളെ ലക്ഷ്യമിട്ടാണ് വിവിധ സംസ്ഥാനങ്ങളിൽ യു.സി.സി നടപ്പിലാക്കുന്നതെന്നും ഭരണഘടനയുടെ 25, 26, 29 ആർട്ടിക്കിൾ ഉറപ്പ് നൽകുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇല്ലാതാക്കുകയാണ് ആർ.എസ്. എസിന്റെയും ബി.ജെ.പിയുടെയും യഥാർഥ ലക്ഷ്യമെന്നും ഉവൈസി ആരോപിച്ചു. 2029 തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ യു.സി.സി നടപ്പിലാക്കുമെന്ന് സെപ്റ്റംബർ 13 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.
‘യു.സി.സിയിൽ ചെറിയ തോതിലെങ്കിലും വിയോജിപ്പുണ്ടെങ്കിൽ എൻ.ഡി.എയുടെ സഖ്യകക്ഷികളായ പാർട്ടികളും നേതാക്കളും പരസ്യമായി രംഗത്തുവരണം. ഭരണഘടനയിലെ 14, 25, 26, 29 ആർട്ടിക്കുകൾ ഓരോ വ്യക്തിക്കും അവരവരുടെ വിശ്വാസങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശം നൽകുന്നുണ്ട്. എന്നാൽ, ഒരു മതത്തിന്റെ ആചാരങ്ങൾ മറ്റുമതങ്ങളുടെ മേലിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നത്. ഇതൊരു തെറ്റായ പ്രവണതയായതിനാലാണ് നമ്മൾ യു.സി.സിയെ എതിർക്കുന്നത്’ - ഉവൈസി പറഞ്ഞു.
മധ്യപ്രദേശിൽ യു.സി.സിയിൽ നിന്ന് ഗോത്ര സമൂഹങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും എട്ട് ശതമാനം വരുന്ന മുസ്‍ലിം ജനസംഖ്യയിൽ അത് അടിച്ചേൽപ്പിക്കുകയാണെന്നും ഉവൈസി പറഞ്ഞു. ഗോത്ര സമൂഹങ്ങളുടെ ആചാരങ്ങളും വിവാഹവും മതവുമെല്ലാം വ്യത്യസ്തമായതുകൊണ്ടാണ് അവരെ നിങ്ങൾ ഒഴിവാക്കുന്നത്. ഞങ്ങളുടെ മതം വ്യത്യസ്തമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.