ന്യൂഡൽഹി: നിയന്ത്രണവും അധീശത്വവുമില്ലാത്ത ഇന്തോ-പസഫിക് മേഖല, നിയമവാഴ്ചക്കുള്ള പിന്തുണ, രാജ്യങ്ങളുടെ പരമാധികാരം, തർക്കവിഷയങ്ങൾ രമ്യമായി പരിഹരിക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി ശക്തമായി നിലകൊള്ളുമെന്ന് ‘ക്വാഡ്’ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതെല്ലാം ചൈനക്കുള്ള ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, യു.എസിന്റെ ആന്റണി ബ്ലിങ്കൻ, ജപ്പാന്റെ യോഷിമാസ ഹയാഷി, ആസ്ട്രേലിയയുടെ പെന്നി വോങ് എന്നിവരാണ് പങ്കെടുത്തത്.
ബെയ്ജിങ്: യു.എസ്, ഇന്ത്യ, ആസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ സഖ്യമായ ‘ക്വാഡ്’ യോഗത്തെ വിമർശിച്ച് ചൈന. സമാധാനവും വികസനവും ലക്ഷ്യമിട്ടാവണം രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളെന്നും അത്തരം നീക്കങ്ങളിൽ ആരെ ഒഴിവാക്കാം എന്നതാകരുത് പരിഗണനയെന്നും ചൈന അഭിപ്രായപ്പെട്ടു.മേഖലയിൽ ചൈനയുടെ അധീശത്വ നിലപാടുകൾ വിവിധ രാജ്യങ്ങൾക്ക് അലോസരമുണ്ടാക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ അധ്യക്ഷതയിൽ യോഗം നടന്നത്.
ഇന്തോ-പസിഫിക് മേഖലയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ‘ക്വാഡ്’ കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണെന്ന് യോഗം സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നിയമവാഴ്ച, പരമാധികാരം, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളെ ശക്തമായി പിന്തുണക്കുമെന്നും പ്രസ്താവന തുടർന്നു. തങ്ങളുടെ ഉയർച്ച തടയാൻ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയാണ് ‘ക്വാഡ്’ എന്ന് ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.