പഞ്ചാബ് ചീഫ് സെക്രട്ടറി മാറ്റി; അനിരുദ്ധ് തിവാരിക്ക് നിയമനം

ചണ്ഡീഗഡ്: പഞ്ചാബിൽ അധികാരത്തിലേറിയതിന് പിന്നാലെ പുതിയ ചീഫ് സെക്രട്ടറിയെ നിയോഗിച്ച് ചരൺജിത്​ സിങ്​ ചന്നി സർക്കാർ. മികച്ച സർവീസ് റെക്കോർഡും പ്രതിച്ഛായയും ഉള്ള അനിരുദ്ധ് തിവാരിയാണ് സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി. വിനി മഹാജന്‍റെ പിൻഗാമിയായാണ് നിയമനം. അഡീഷണൽ ചീഫ് സെക്രട്ടറി (കൃഷി, വികസനം)യുടെ ചുമതല വഹിച്ചു വരികയായിരുന്ന അനിരുദ്ധ് 1990 ബാച്ച് ഐ.എ.എസ് ഒാഫീസറാണ്.

സീനിയോരിറ്റിയിൽ അഞ്ച് ഐ.എ.എസ് ഒാഫീസർമാരെ മറികടന്നാണ് അനിരുദ്ധ് തിവാരിയുടെ നിയമനം. രൺവീർ കൗർ, സഞ്ജയ് കുമാർ, അഞ്ജലി ഭവ്റ, വിജയ് കുമാർ ജൻജുവ, കൃപ ശങ്കർ സരോജ് എന്നി മുമ്പിലുള്ളവർ. ഇതിൽ അഞ്ജലി ഭവ്റ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

ക്യാപ്റ്റൻ അമരീന്ദർ സിങ്​ രാജിവെച്ചതിന് പിന്നാലെ സെപ്റ്റംബർ 19നാണ് പഞ്ചാബ് കോൺഗ്രസിലെ ദലിത് മുഖമായ രൺജിത്​ സിങ്​ ചന്നി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രിക്ക്​ പുറമെ സുഖ്​ജീന്ദർ സിങ് രൺധാവ, ഒ.പി. സോണി എന്നിവർ ഉപമുഖ്യമന്ത്രിമാരായും ചുമതല​യേറ്റു. ​

അമ്പത്തെട്ടുകാരനും അമരീന്ദർ മന്ത്രിസഭയിൽ അംഗവുമായിരുന്ന ചരൺജിത്​ സിങ്​, പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷൻ നവ്​ജ്യോത്​ സിങ്​ സിദ്ദുവുമായി ഏറെ അടുപ്പമുള്ള നേതാവാണ്. അഞ്ചുമാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പു വരുന്ന സംസ്ഥാനത്ത്​ ചന്നിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്​ ഗുണം ചെയ്യുമെന്നാണ്​ കോൺഗ്രസ്​ വിശ്വാസം.

അധികാരത്തിലെത്തിയാൽ ദലിത്​ വിഭാഗത്തിൽ നിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുമെന്ന്​ ബി.ജെ.പിയും ദലിത്​ ഉപമുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന്​ ശിരോമണി അകാലിദളും പ്രഖ്യാപിച്ചിരുന്നു. ഇത് നേരിടാനാണ് കോൺഗ്രസ് നിലവിലെ മുഖ്യമന്ത്രിയെ മാറ്റി ദലിത് സിഖ് വിഭാഗക്കാരനെ ആ പദവിയിലെത്തിച്ചത്.

Tags:    
News Summary - Punjab Government appoints Anirudh Tewari as new chief secretary of the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.