നീറ്റ് ചോദ്യപേപ്പർ ചോർച്ച: സ്കൂൾ പ്രിൻസിപ്പൽ ചോദ്യങ്ങൾ ചോർത്തിയത് പണം വാങ്ങിയിട്ട്, തെളിവുകൾ നശിപ്പിച്ചെന്ന് സി.ബി.ഐ
പുണെ: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ അതീവ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ. കേസിൽ പുണെയിലെ പ്രമുഖ സ്കൂൾ പ്രിൻസിപ്പലായ മനീഷ സഞ്ജയ് ഹവിൽദാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പരീക്ഷാ ചോദ്യങ്ങൾ പണം വാങ്ങി ചില വിദ്യാർഥികൾക്ക് മുൻകൂട്ടി ചോർത്തി നൽകിയെന്നാണ് ഇവർക്കെതിരെയുള്ള കണ്ടെത്തൽ. ചോദ്യപേപ്പർ ചോർച്ചയുടെ പ്രധാന ഉറവിടങ്ങളിൽ ഒന്നാണ് മനീഷയെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.
പുണെയിലെ 'സേത്ത് ഹീരാലാൽ സറഫ് പ്രശാല' സ്കൂൾ പ്രിൻസിപ്പലായ മനീഷ ഹവിൽദാർ, നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നീറ്റ് പരീക്ഷക്കായുള്ള ഫിസിക്സ് ചോദ്യപേപ്പർ വിവർത്തകയായി ജോലി നോക്കി വരികയായിരുന്നു. പുണെ കോടതിയിൽ ഹാജരാക്കിയ ഇവരെ ട്രാൻസിറ്റ് റിമാൻഡിൽ ഡൽഹിയിലെത്തിച്ചു. ഇന്ന് ഇവരെ ഡൽഹി കോടതിയിൽ ഹാജരാക്കും.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ചുമതലയിലായിരിക്കുമ്പോൾ ഫിസിക്സ് ചോദ്യങ്ങൾ മനീഷ സ്വന്തം കൈപ്പടയിൽ കുറിച്ച് സൂക്ഷിക്കുകയായിരുന്നു. തുടർന്ന് ഈ ചോദ്യങ്ങൾ നേരത്തെ അറസ്റ്റിലായ ബോട്ടണി അധ്യാപിക മനീഷ മന്ഥാരെയുമായി ചേർന്നാണ് ഇവർ ചോർത്തിയത്. പുണെ മോഡേൺ കോളജിലെ ബോട്ടണി പ്രൊഫസറാണ് മനീഷ മന്ഥാരെ. പരീക്ഷക്ക് മുമ്പ് തന്നെ ഈ ചോദ്യങ്ങൾ വാട്‌സാപ്പ് വഴിയും പ്രിന്റൗട്ടുകളായും ചില വിദ്യാർഥികൾക്ക് എത്തിച്ചു നൽകിയതായി പ്രിൻസിപ്പൽ സി.ബി.ഐക്ക് മുന്നിൽ സമ്മതിച്ചിട്ടുണ്ട്. ഒരു വിദ്യാർഥിയിൽ നിന്ന് 20,000 രൂപയും മറ്റൊരു വ്യക്തിയിൽ നിന്ന് 25,000 രൂപയും ഇവർ കൈപ്പറ്റിയതായി സി.ബി.ഐ കോടതിയെ അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ച വിവാദമായതോടെ പിടിയിലാകുമെന്ന് ഭയന്ന് പ്രിൻസിപ്പൽ മനീഷ ഹവിൽദാർ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ചോദ്യങ്ങൾ കുറിച്ചുവെച്ചിരുന്ന നോട്ടുബുക്കുകൾ ഇവർ കത്തിച്ചുകളഞ്ഞു. കൂടാതെ കൂട്ടാളിയായ ബോട്ടണി അധ്യാപിക മനീഷ മന്ഥാരെയുമായുള്ള വാട്‌സാപ്പ് ചാറ്റുകൾ പൂർണ്ണമായി ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഡിജിറ്റൽ ഫോറൻസിക് പരിശോധനയിലൂടെ ഈ വിവരങ്ങൾ വീണ്ടെടുക്കാനാണ് സി.ബി.ഐ ശ്രമം.
മേയ് 3ന് നടന്ന നീറ്റ് യു.ജി പരീക്ഷയിൽ വ്യാപകമായ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും ആരോപിക്കപ്പെട്ടതിനെ തുടർന്ന് മേയ് 12നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയെ തുടർന്ന് അന്ന് തന്നെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പുണെ, ലാത്തൂർ, അഹല്യാനഗർ എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ 11 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയുടെ യഥാർത്ഥ ഉറവിടം വ്യക്തമാക്കുന്ന സുപ്രധാന വഴിത്തിരിവിലാണ് നിലവിൽ അന്വേഷണസംഘം എത്തിനിൽക്കുന്നത്. റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂൺ 21ന് വീണ്ടും നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.