ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. പലാവു പതാകയേന്തിയ എം.ടി. യീ ഷെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ ഇന്ത്യൻ വംശജരായ 14 ജീവനക്കാരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. തീ അണക്കാനുള്ള ശ്രമം നാവികസേനയുടെ നേതൃത്വത്തിൽ തുടരുകയാണ്.
ഇന്ത്യയിലെ കണ്ഡലയിൽ നിന്ന് ഒമാനിലെ ഷിനാസിലേക്ക് ഇന്നലെയാണ് ചരക്കുകപ്പൽ യാത്ര തിരിച്ചത്. ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലിന്‍റെ എൻജിൻ റൂമിൽ വൻ തീപിടിത്തവും വൈദ്യുതി തകരാറും ഉണ്ടായത്.
ഇന്ത്യൻ നാവികസേനക്ക് ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിരുന്ന ഐ.എൻ.എസ് താബർ തീപിടിച്ച കപ്പലിന്‍റെ സമീപത്തെത്തി. കപ്പലിന്‍റെ പകുതി ഭാഗത്തേക്ക് തീ വ്യാപിച്ചിട്ടുണ്ട്. നാവികസേനയിലെ 13 നാവികരും ചരക്കുകപ്പലിലെ അഞ്ച് ജീവനക്കാരും ചേർന്ന് തീ അണക്കാനുള്ള ശ്രമത്തിലാണ്.
ജൂൺ ഒമ്പതിന് കണ്ണൂർ അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ (81.49 കിലോമീറ്റർ) സിംഗപ്പൂരിന്റെ എം.വി വാൻഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചിരുന്നു. 22 കപ്പൽ ജീവനക്കാരിൽ 18 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി മംഗളൂരുവിൽ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.