ബംഗളൂരു: ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഡൽഹി പൊലീസിന്റെ വേട്ടക്കെതിരെ ബംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിച്ചു.
വ്യാഴാഴ്ച ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ, പി.യു.സി.എൽ, ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ്, ബഹുത്വ കർണാടക, നെറ്റ്വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, വെൽഫെയർപാർട്ടി തുടങ്ങിയ സംഘടനകൾ അണിനിരന്നു. പുതിയ അടിയന്തരാവസ്ഥയുടെ തുടക്കം സൂചിപ്പിക്കുന്നതാണ് ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡെന്ന് പി.യു.സി.എൽ കർണാടക പ്രസിഡന്റ് അരവിന്ദ് നരെയ്ൻ ചൂണ്ടിക്കാട്ടി.
1975ലെ അടിയന്തരാവസ്ഥയിൽ പ്രബീർ പുർകായസ്ഥ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ബി.ജെ.പി ഭരണകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ട കാഴ്ചപ്പാടുകൾ തിരിച്ചറിയുന്നതിന് പകരം ജനങ്ങളുടെ മൗലികാവകാശങ്ങൾ ഘട്ടംഘട്ടമായി തകർക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് (ഐലാജ്) പ്രവർത്തക അവനി ചോക്ഷി പറഞ്ഞു.
സമാന റെയ്ഡുകൾ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലും നടന്നതായും അവർ ഓർമപ്പെടുത്തി. ബഹുത്വ കർണാടക പ്രതിനിധി വിനയ് ശ്രീനിവാസ, വെൽഫെയർപാർട്ടി പ്രതിനിധി അഡ്വ. താഹിർ ഹുസൈൻ, മാധ്യമപ്രവർത്തക സി.ജി. മഞ്ജുള, പ്രസ് ക്ലബ് ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് ആനന്ദ് സഹായ്, ജി. രാമകൃഷ്ണ, നാഗരഗരെ രമേഷ്, അഡ്വ. ബി.ടി. വെങ്കടേശ്, ആരത്രിക ഡെ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.