മുസാഫർനഗർ: "രണ്ടര വയസ്സുള്ള കുഞ്ഞിന് കൊടുക്കാൻ ഒരു തുള്ളി പാലില്ല. റമദാനിൽ നോമ്പ് തുറന്നിട്ട് കഴിക്കാൻ ഇതുവരെ ഒരു പഴം പോലും മൂത്ത കുട്ടികൾക്ക് കൊടുക്കാനായിട്ടില്ല. വിശപ്പ് മാറാതെ കുട്ടികൾ കരയുമ്പോൾ ഞങ്ങൾ നിസ്സഹായരാണ്"- ഉത്തർപ്രദേശിലെ ഒരു ഉമ്മയുടെ കണ്ണീർവാക്കുകളാണിത്. ഈ കണ്ണീർ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കണ്ടതോടെ ആ കുടുംബത്തിന് സഹായവുമെത്തി. അവശ്യ സാധനങ്ങളും പാലും പഴവുമായി വ്യാഴാഴ്ച വീട്ടിലെത്തിയ കോൺഗ്രസ് പ്രവർത്തകരെ ആനന്ദ കണ്ണീരോടെയാണ് ആ ഉമ്മ വരവേറ്റത്.
മുസാഫർനഗർ ജില്ലയിലെ മീരപുർ പട്ടണത്തിലെ നമക്മണ്ഡി പ്രദേശത്തുള്ള ഷക്കീബിെൻറ കുടുംബത്തിനാണ് പ്രിയങ്ക ഗാന്ധിയുടെ നിർദേശപ്രകാരം കോൺഗ്രസ് പ്രവർത്തകർ സഹായമെത്തിച്ചത്. ഇളയ കുഞ്ഞിന് കുടിക്കാൻ ഒരു തുള്ളി പാല് പോലും ഇല്ലാത്ത കുടുംബത്തിെൻറ ദൈന്യത ഒരു പത്രത്തിെൻറ വെബ്സൈറ്റ് വാർത്തയായി നൽകിയിരുന്നു.
കുട്ടികൾ വിശന്ന് കരയുന്നതിെൻറയും ഒരു പഴം പോലും ഇല്ലാത്ത നോമ്പുതുറയുടെയും കണ്ണീർ ചിത്രം ഷക്കീബിെൻറ ഭാര്യ ഫിർദൗസിെൻറ വാക്കുകളിലൂടെ അവതരിപ്പിച്ച വാർത്ത യു.പി കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇത് കണ്ടാണ് കിഴക്കൻ യു.പിയുടെ ചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി കുടുംബത്തെ സഹായിക്കാൻ നേരിട്ട് ഇടപെട്ടത്.
യു.പിയിൽ കോൺഗ്രസിെൻറ സോഷ്യൽ മീഡിയ വിഭാഗത്തിെൻറ ചുമതലയുള്ള മോഹിത് പാണ്ഡെ വഴി വാർത്ത എഴുതിയ ലേഖകനെ നേരിട്ട് വിളിച്ച് പ്രിയങ്ക ഗാന്ധി ഷക്കീബിെൻറ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. എന്നിട്ട് മുസാഫർനഗറിലെ കോൺഗ്രസ് നേതാവ് ജുനൈദ് റഊഫിനെ വിളിച്ച് ഈ കുടുംബത്തെ സഹായിക്കാൻ നിർദേശം നൽകി. ഇതനുസരിച്ചാണ് മീരപുറിലെ താരിഖ് സിദ്ധീഖിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ വ്യാഴാഴ്ച ഷക്കീബിെൻറ കുടുംബത്തിന് സഹായമെത്തിച്ചത്.
ഋഷികേശിൽ പെയ്ന്റിങ് തൊഴിലാളിയായ ഷക്കീബ് ഒരു വർഷം മുമ്പ് ജോലി മതിയാക്കി മീരാപുറിൽ എത്തുകയായിരുന്നു. ഇവിടെ 330 രൂപ ദിവസക്കൂലിക്ക് ഒരു ധാബയിൽ വെയിറ്ററായി ജോലി ചെയ്ത് വരുമ്പോഴാണ് ലോക്ഡൗൺ ആരംഭിക്കുന്നത്.
തുടർന്ന് പണി ഇല്ലാതായതോടെ കുടുംബം പട്ടിണിയാകുകയായിരുന്നു. രണ്ടര വയസ്സുള്ള ഇളയ കുട്ടിയടക്കം മൂന്ന് മക്കളാണ് ഷക്കീബിന്. ഏതാനും ദിവസത്തേക്കുള്ള അരിയും റൊട്ടിയും മാത്രമാണ് ലോക്ഡൗൺ തുടങ്ങുമ്പോൾ ഇവർക്കുണ്ടായിരുന്നത്. ഇതിൽ നിന്ന് അൽപം മാത്രമെടുത്ത് കഴിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്.
ഇങ്ങനെ ബുദ്ധിമുട്ടുന്ന യു.പിയിലെ കുടുംബങ്ങളെ സഹായിക്കാൻ കോൺഗ്രസ് 'യു.പി മിത്ര' എന്ന ഹെൽപ് ലൈൻ (7399901414) ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.