തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, മാപ്പ് പറയില്ല; ഓപറേഷൻ സിന്ദൂർ വിവാദത്തിൽ പൃഥ്വിരാജ് ചവാൻ

മുംബൈ: കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍റെ ഓപറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പരാമർശം വിവാദമായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടിരുന്നു എന്ന പരാമർശമാണ് വിമർശനത്തിന് കാരണമായത്. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ പൃഥ്വിരാജ് ചവാനെതിരെ വലിയ വിമർശനമാണ് അഴിച്ചുവിട്ടത്.

പൂണെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് പരാമർശം നടത്തിയത്. 'ഓപറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം, നമ്മൾ പൂർണമായും പരാജയപ്പെട്ടു. മേയ് ഏഴിന് നടന്ന അര മണിക്കൂർ നീണ്ട വ്യോമാക്രമണത്തിൽ, ആളുകൾ അംഗീകരിച്ചാലും ഇല്ലെങ്കിലും പൂർണമായും പരാജയപ്പെട്ടു. ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തപ്പെട്ടു' -അദ്ദേഹം പറഞ്ഞു.

വിമർശനം കടുത്തതോടെ തന്‍റെ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ് ചവാന്‍ രംഗത്തെത്തിയിരിക്കുകയാണ്. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും അതിനാൽ മാപ്പ് പറ‍യില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, ക്ഷമ ചോദിക്കേണ്ട കാര്യമില്ല. നമ്മുടെ ഭരണഘടന എനിക്ക് ചോദ്യം ചെയ്യാനുള്ള അവകാശം നൽകിയിട്ടുണ്ട്... ഇപ്പോൾ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല... ഞാൻ വിശദമായി സംസാരിക്കും' -പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

ഇത്തരം പരാമർശങ്ങൾ വളരെ നിർഭാഗ്യകരമാണെന്നാണ് ഉപമുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്‌നാഥ് ഷിൻഡെ പറഞ്ഞത്. ഇത്തരം പ്രസ്താവനകളിലൂടെ കോൺഗ്രസ് ഇന്ത്യൻ സൈന്യത്തെ ആക്രമിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. 'ഇത് ചവാന്റെ പ്രസ്താവന മാത്രമല്ല. രാഹുൽ ഗാന്ധിയും സമാനമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്... അതുകൊണ്ടാണ് കോൺഗ്രസോ രാഹുലോ അത്തരം നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തത്. ഈ പ്രസ്താവനകൾ അവരുടെ സൈനിക വിരുദ്ധ മാനസികാവസ്ഥയെ വെളിപ്പെടുത്തുന്നു' -ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.   

Tags:    
News Summary - Prithviraj Chavan refuses to apologise for controversial Operation Sindoor remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.