ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും. ബ്രസീൽ, അർജന്റീന, ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നമീബിയ തുടങ്ങിയ അഞ്ച് രാഷ്ട്രങ്ങളാണ് സന്ദർശിക്കുക. കഴിഞ്ഞ പത്ത് വർഷത്തിനിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ വിദേശസന്ദർശനമാണിത്. റിയോഡി ജനീറോയിൽ ആറും ഏഴും തീയതികളിൽ നടക്കുന്ന 17ാമത് ബ്രിക്സ് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും.
എട്ട് ദിവസത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി ആദ്യം ഘാനയിലെത്തും. പ്രസിഡൻറ് മഹാമ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. വ്യാപാരവും പ്രതിരോധ സഹകരണവും ചർച്ച ചെയ്യും. മൂന്നിന് ജനസംഖ്യയിൽ 45 ശതമാനം ഇന്ത്യൻ വംശജർ ഉള്ള കരീബിയൻ രാജ്യമായ ട്രിനിഡാഡിലെത്തും. നാലിനും അഞ്ചിനും അർജൻറീന സന്ദർശിക്കുന്ന മോദി അവിടെനിന്ന് ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തും. ശേഷം ജൂലൈ ഒമ്പതിനാണ് നമീബിയയിൽ എത്തുക.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിക്കാത്ത ഷാങ്ഹായ് സഹകരണ ഉച്ചകോടി സംയുക്ത പ്രസ്താവനയിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിനു പിന്നാലെ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ വിഷയമുന്നയിക്കുമെന്നാണ് വിദേശ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. സ്ഥാപക രാജ്യങ്ങളായ ചൈനയും റഷ്യയും ബ്രിക്സ് ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുന്നതിനിടയിലാണ് ഇന്ത്യയുടെ നീക്കം. അടുത്ത വർഷം ബ്രിക്സ് അധ്യക്ഷ പദവി ഏറ്റെടുക്കാനിരിക്കുകയാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.