അംറേലി: രാജ്യത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ (പി.എ.സി.എസ്) വിവിധോദ്ദേശ്യ സ്ഥാപനങ്ങളാക്കി മാറ്റുമെന്നും ഇതിനുള്ള മാതൃകചട്ടങ്ങൾ തയാറായിക്കഴിഞ്ഞെന്നും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. കൂടാതെ, വിത്തുൽപാദനം, വിപണനം, ജൈവ ഉൽപന്നങ്ങളുടെ സർട്ടിഫിക്കേഷൻ എന്നിവക്കായി അന്തർസംസ്ഥാന തലത്തിൽ സഹകരണ സൊസൈറ്റി രൂപവത്കരിക്കുമെന്നും ഗുജറാത്തിലെ അംറേലിയിൽ സഹകരണസംഘ സമ്മേളനത്തിൽ ഷാ വ്യക്തമാക്കി.
''സേവ സഹകാരി മണ്ഡലികളെ (പി.എ.സി.എസ്) വിപണനം, സംഭരണകേന്ദ്രം, ചാണകത്തിൽനിന്ന് വാതക ഇന്ധനം നിർമിക്കൽ, വൈദ്യുതി ബിൽ അടക്കൽ, പാചകവാതക വിതരണ ഏജൻസി തുടങ്ങിയ ആവശ്യങ്ങൾ നിർവഹിക്കുന്ന വിവിധോദ്ദേശ്യ സംഘങ്ങളായാണ് പരിവർത്തിപ്പിക്കുക.
ഇതിനുള്ള മാതൃകചട്ടം രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് സെപ്റ്റംബർ അവസാനത്തോടെ പുറത്തിറക്കും. രാജ്യത്തെ പി.എ.സി.എസ് സ്ഥാപനങ്ങൾ ലാഭമുണ്ടാക്കുന്നവയാകും'' -മന്ത്രി വിശദീകരിച്ചു. രാജ്യത്തെ 65,000 പി.എ.സി.എസ് എന്നത് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മൂന്നുലക്ഷമാക്കി വർധിപ്പിക്കുമെന്നുപറഞ്ഞ അമിത് ഷാ, ഓരോ പഞ്ചായത്തിലും ഓരോ പി.എ.സി.എസ് എന്ന ലക്ഷ്യത്തിലെത്തുമെന്നും വ്യക്തമാക്കി.
ആരോഗ്യം, ഇൻഷുറൻസ്, ഗതാഗതം, ടൂറിസം മേഖലകളെക്കൂടി ഉൾക്കൊള്ളുന്ന തരത്തിൽ പുതിയ സഹകരണനയം രൂപവത്കരിക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ലോകവിപണിയിൽ ഇന്ത്യൻ കർഷകരുടെ ഉൽപന്നങ്ങൾ എത്തിക്കാൻ അന്തർസംസ്ഥാന സഹകരണ കയറ്റുമതി കേന്ദ്രം സ്ഥാപിക്കും -അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.