മദ്രാസ് ഹൈകോടതി

'ജാതിയുടെ പേരിൽ ദലിതർക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് തൊട്ടുകൂടായ്മ'; ഭരണഘടനാ ലംഘനത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മദ്രാസ് ഹൈകോടതി

ചെന്നൈ: ജാതിയുടെ പേരിൽ പട്ടികജാതി (ദലിത്) വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് തൊട്ടുകൂടായ്മ ആചരിക്കുന്നതിന് തുല്യമാണെന്നും അത് ഭരണഘടനാ ലംഘനമാണെന്നും മദ്രാസ് ഹൈകോടതി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും, ഇത്തരം വിവേചനപരമായ നടപടികൾക്ക് നേതൃത്വം നൽകുന്ന വ്യക്തികൾക്കെതിരെ നിയമപ്രകാരം കർശനമായ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി വ്യക്തമാക്കി.

സേലം ജില്ലയിലെ അരുൾമിഗു മുത്തു മാരിയമ്മൻ ക്ഷേത്രത്തിലെ രഥോത്സവത്തിൽ മിളഗു കാട്ടാൻ ആദിദ്രാവിഡർ സമുദായത്തിന് തുല്യ പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേലം സ്വദേശി വി. സുന്ദരം സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ സുപ്രധാന നിരീക്ഷണം. ക്ഷേത്രത്തിൽ വിവേചനമില്ലാതെ എല്ലാവർക്കും പ്രവേശനം നൽകുന്നതിനായി സമാധാന സമിതി യോഗം ചേർന്നിരുന്നുവെന്നും, ജാതി-മത ഭേദമന്യേ എല്ലാവർക്കും ഉത്സവത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ജാതിയുടെ പേരിൽ ആർക്കും ക്ഷേത്രപ്രവേശനമോ ഉത്സവ പങ്കാളിത്തമോ തടയാൻ പാടില്ലെന്ന് 1947-ലെ തമിഴ്‌നാട് ക്ഷേത്രപ്രവേശന അംഗീകാര നിയമം വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. ആചാരങ്ങളുടെയോ പാരമ്പര്യങ്ങളുടെയോ പേരിൽ ജാതീയമായ മാറ്റിനിർത്തലുകൾ അനുവദിക്കാനാവില്ലെന്നും, വരുന്ന വർഷങ്ങളിലും ഈ വിഭാഗത്തിന് ഉത്സവത്തിൽ തടസ്സമില്ലാതെ പങ്കെടുക്കാനുള്ള സാഹചര്യം ഭരണകൂടം ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. സർക്കാർ സ്വീകരിച്ച നടപടികൾ രേഖപ്പെടുത്തിക്കൊണ്ട് ഹൈകോടതി ഹരജി തീർപ്പാക്കി.

Tags:    
News Summary - Barring Dalits from Temples on Caste Grounds Amounts to Untouchability: Madras High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.