വളർത്തുമൃഗങ്ങളെ വാങ്ങുന്നതിന് പകരം ദത്തെടുക്കാൻ തയാറായി 25% ഇന്ത്യക്കാർ; ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾക്ക് സ്നേഹവീട്

വളർത്തുമൃഗങ്ങളെ ദത്തെടുക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ വലിയൊരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഒരു മൃഗത്തെയും ദത്തെടുക്കാത്ത വളർത്തുമൃഗ ഉടമകളിൽ 25 ശതമാനം ആളുകളും തെരുവിൽ നിന്നോ ഷെൽട്ടറുകളിൽ നിന്നോ രക്ഷപ്പെടുത്തിയ മൃഗങ്ങൾക്ക് സ്വന്തം വീടുകളിൽ അഭയം നൽകാൻ താല്പര്യപ്പെടുന്നുണ്ടെന്ന് ഒരു പുതിയ സർവേ വെളിപ്പെടുത്തുന്നു.

വളർത്തു മൃഗങ്ങളെ മുമ്പ് ദത്തെടുക്കാത്ത 25 ശതമാനത്തോളം ഇന്ത്യൻ പെറ്റ് പേരന്റുകളും ഒരു റെസ്ക്യൂഡ് പെറ്റിന് സ്വന്തം വീട്ടിൽ ഇടം നൽകാൻ തയാറാണെന്ന് മാർസ് ഗ്ലോബൽ അഡോപ്ഷൻ സർവേ വ്യക്തമാക്കുന്നു. ഇന്ത്യയിൽ മൃഗസ്നേഹവും ദത്തെടുക്കലിനോടുള്ള മനോഭാവവും മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ നല്ലൊരു സൂചനയാണിത്. എന്നാൽ മൃഗങ്ങളുടെ മെഡിക്കൽ ചരിത്രത്തെക്കുറിച്ചുള്ള വിവരമില്ലായ്മ, പെരുമാറ്റരീതികൾ, പുതിയ കുടുംബവുമായി ഇണങ്ങിപ്പോകുമോ എന്നൊക്കെയുള്ള ആശങ്കകൾ പലരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. ശരിയായ മാർഗനിർദ്ദേശങ്ങളും പിന്തുണയും ലഭിച്ചാൽ കൂടുതൽ കുടുംബങ്ങൾ മൃഗങ്ങളെ വാങ്ങുന്നതിന് പകരം ദത്തെടുക്കാൻ തയാറാകുമെന്ന് മൃഗസംരക്ഷണ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

2026-ലെ മാർസ് ഗ്ലോബൽ അഡോപ്ഷൻ വീക്കെൻഡിന് മുന്നോടായിട്ടാണ് ഈ സർവേ പുറത്തിറക്കിയത്. ഇന്ത്യയിൽ ഏകദേശം 6.93 കോടിയോളം മുൻ വളർത്തുമൃഗങ്ങൾ ഭവനരഹിതരായി തെരുവിൽ കഴിയുന്നുണ്ടെന്നാണ് കമ്പനിയുടെ 2023-ലെ പഠനം കണക്കാക്കുന്നത്. മൃഗങ്ങളെ വളർത്താൻ ആഗ്രഹിക്കുന്ന പലരും പണം കൊടുത്ത് വിലകൂടിയ ബ്രീഡുകളെ വാങ്ങാനാണ് താല്പര്യപ്പെടുന്നത്. എന്നാൽ വളർത്തി വലുതാക്കിയ ശേഷം അവക്ക് ആരോഗ്യപ്രശ്നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോൾ മൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത വളരെ വേദനാജനകമാണെന്ന് മുംബൈ ബാന്ദ്രയിലെ മുൻ പെറ്റ് പേരന്റായ ക്രിസ്റ്റിൻ സാൽഡൻഹ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ 2,000 പേരിൽ നടത്തിയ ഈ സർവേയിൽ ദത്തെടുക്കാത്തവരിൽ 25 ശതമാനവും ആവശ്യമായ പിന്തുണയും വിവരങ്ങളും ലഭിച്ചാൽ ഭാവിയിൽ മൃഗങ്ങളെ ദത്തെടുക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിൽ 34 ശതമാനം പേർ മൃഗങ്ങളുടെ മെഡിക്കൽ ചരിത്രത്തെക്കുറിച്ചും, 23 ശതമാനം പേർ അവയുടെ പെരുമാറ്റ പശ്ചാത്തലത്തെക്കുറിച്ചും ആശങ്കപ്പെടുന്നു. കൂടാതെ, പുതിയ ചുറ്റുപാടുകളുമായി മൃഗം എങ്ങനെ ഇണങ്ങും എന്നതിനെക്കുറിച്ച് 27 ശതമാനം ആളുകൾ സംശയം പ്രകടിപ്പിച്ചു. ഷെൽട്ടറുകളിൽ നിന്ന് പുതിയ വീട്ടിലേക്ക് മാറ്റുമ്പോൾ മൃഗങ്ങൾക്ക് നൽകേണ്ട ഭക്ഷണക്രമത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ പ്രാധാന്യവും സർവേ എടുത്തുപറയുന്നുണ്ട്.

മൃഗങ്ങൾക്ക് സുരക്ഷിതത്വവും സ്നേഹനിർഭരമായ ഒരു വീടും ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ദത്തെടുക്കലെന്ന് മാർസ് പെറ്റ് ന്യൂട്രീഷ്യന്റെ മനീഷ് സ്യാഗ് പറഞ്ഞു. ആഗോളതലത്തിൽ 42% പേർ മാത്രമാണ് ഷെൽട്ടറുകളിൽ നിന്നോ റെസ്ക്യൂ സെന്ററുകളിൽ നിന്നോ മൃഗങ്ങളെ ദത്തെടുത്തിട്ടുള്ളതെങ്കിൽ, ഇന്ത്യയിൽ അത് 56% ആണെന്നത് വലിയൊരു മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ 'യോഡ' സംഘടനയുടെ സി.ഇ.ഒ ആയ ധീരജ് തേജവാനി ഈ സംരംഭത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. മൃഗങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമുള്ള ആശങ്കകൾ സ്വാഭാവികമാണെന്നും, കൃത്യമായ ഉപദേശങ്ങളിലൂടെയും പരിചരണത്തിലൂടെയും കുടുംബങ്ങൾക്ക് ഈ ആശങ്കകൾ മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരുവ് മൃഗങ്ങളെ സംരക്ഷിക്കുന്നതിലും ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്നതിലും റസിഡൻറ്സ് വെൽഫെയർ അസോസിയേഷനുകൾക്കും വലിയ പങ്കുണ്ട്. ജനങ്ങളെ സഹായിക്കുന്നതിനായി മാർസ് കമ്പനി 'വാൽതം പെറ്റ്കെയർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ' വിദഗ്ദ്ധ ഉപദേശങ്ങളോടെ ഒരു ഓൺലൈൻ അഡോപ്ഷൻ ഹബ്ബും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ വളർത്തുമൃഗങ്ങളെ വീട്ടിലെത്തിക്കുന്നതിന് മുൻപും ശേഷവുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമാകും.

Tags:    
News Summary - 25% Indians ready to adopt pets instead of buying them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.