പാർലമെന്റ് ഹൗസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തുന്നു
ന്യൂഡൽഹി: പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കൊപ്പമെത്തിയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയത്. സോണിയക്കൊപ്പം ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ഉണ്ടായിരുന്നു. കെ.സി. വേണുഗോപാൽ, ജയറാം രമേശ് എന്നിവർക്കൊപ്പമാണ് രാഹുൽ വന്നത്. പാർലമെന്റ് ഹൗസിലെ ഒന്നാംനിലയിൽ 63ാം നമ്പർ മുറിയിലാണ് പോളിങ് സ്റ്റേഷൻ സജ്ജീകരിച്ചത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് വീൽചെയറിലാണ് പാർലമെന്റിൽ എത്തിയത്. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചതോടെയാണ് 89 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായത്. സമാജ്‍വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവും വീൽചെയറിലാണ് വന്നത്. സഹോദരൻ രാംഗോപാൽ യാദവ് ഒപ്പമുണ്ടായിരുന്നു.
ഒഡിഷ നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രദീപ്ത കുമാർ നായിക് ആശുപത്രിയിൽനിന്ന് ഓക്സിജൻ സിലിണ്ടറുമായാണ് വോട്ടുചെയ്യാനെത്തിയത്. ബി.ജെ.പി നേതാവായ ഇദ്ദേഹം കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സയിലാണ്. ആദ്യ വോട്ടിങ് ശരിയായ രൂപത്തിൽ പൂർത്തിയാക്കാനാകാത്തതിനാൽ മുലായം സിങ്ങിന് പുതിയ ബാലറ്റ് നൽകി. ബി.ജെ.പി നേതാവ് നിസിത് പ്രമാണിക്കിനും ഇതേ രൂപത്തിൽ ബാലറ്റ് അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.