മധ്യപ്രദേശിൽ 7500 വിദ്യാർഥികൾക്ക് ‘ചീഫ് മിനിസ്റ്റർ സ്കൂട്ടി’
മധ്യപ്രദേശ്: സർക്കാർ സ്കൂളുകളിൽ നിന്നും ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് ചുവടുവെക്കുന്ന പ്രതിഭകളായ വിദ്യാർഥികൾക്ക് കൈത്താങ്ങുമായി മധ്യപ്രദേശ് സർക്കാർ. ഈ വർഷത്തെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി പ്രഖ്യാപിച്ച ‘ചീഫ് മിനിസ്റ്റർ സ്കൂട്ടി’ പദ്ധതി പ്രകാരമുള്ള സൗജന്യ ഇ-സ്കൂട്ടർ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 16ന് ഭോപ്പാലിൽ വെച്ച് മുഖ്യമന്ത്രി മോഹൻ യാദവ് നിർവഹിക്കും.
2025-26 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ 7,500ലധികം അർഹരായ വിദ്യാർഥികൾക്കാണ് ഈ വർഷം ഇ-സ്കൂട്ടറുകൾ സമ്മാനിക്കുന്നത്. സ്കൂളുകളിലെ കുട്ടികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കാനും, ഉന്നതവിദ്യാഭ്യാസത്തിനായുള്ള കോളേജ് യാത്രകൾ കൂടുതൽ എളുപ്പമാക്കാനും വേണ്ടിയാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഔദ്യോഗിക മാർഗനിർദേശങ്ങൾ അനുസരിച്ച്, സർക്കാർ സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടുന്ന റഗുലർ വിദ്യാർഥികൾക്കാണ് ഇ-സ്കൂട്ടറിന് അർഹതയുണ്ടാവുക. കൂടാതെ വിദ്യാർഥികൾ ആദ്യ ശ്രമത്തിൽ തന്നെ 70 ശതമാനം മാർക്ക് നേടിയിരിക്കണം.
വിദ്യാഭ്യാസ വകുപ്പ്, ട്രൈബൽ അഫയേഴ്സ് വകുപ്പ് എന്നിവയ്ക്ക് കീഴിലുള്ള സർക്കാർ സ്കൂളുകളിൽ എല്ലാ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ പഠിച്ച കുട്ടികളെയും തുല്യമായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗതാഗത സൗകര്യങ്ങളുടെ കുറവ് മൂലം ഗ്രാമീണ മേഖലകളിലെ കുട്ടികൾക്ക് ഉപരിപഠനം മുടങ്ങുന്ന സാഹചര്യം പൂർണ്ണമായി ഇല്ലാതാക്കാൻ ഈ സ്മാർട്ട് വാഹനങ്ങൾ സഹായിക്കും. കുട്ടികളിൽ വിദ്യാഭ്യാസത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനും ഉന്നതവിദ്യാഭ്യാസ മേഖലയിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇത്തരം ശ്രമങ്ങൾ ഊർജ്ജം പകരുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കണക്കുകൾ പ്രകാരം ഈ പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ സംസ്ഥാനത്തുടനീളം 23,000-ത്തിലധികം വിദ്യാർഥികൾ ഈ ആനുകൂല്യത്തിന് അർഹരായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.