പ്രയാഗ് രാജിൽ വീട് തകർക്കൽ: യു.പി സർക്കാറിനോട് വിശദീകരണം തേടി ഹൈകോടതി

ലഖ്നോ: പ്രയാഗ് രാജിൽ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് തകർത്ത കേസിൽ യു.പി സർക്കാറിന്റെ വിശദീകരണം തേടി അലഹാബാദ് ഹൈകോടതി.

ജാവേദ് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ അഞ്ജനി കുമാർ മിശ്ര, സയ്ദ് വായ്സ് മിയാൻ എന്നിവരടങ്ങിയ ബെഞ്ച് സർക്കാറിന്റെയും പ്രയാഗ് രാജ് വികസന അതോറിറ്റിയുടെയും വിശദീകരണം തേടിയത്. ബുധനാഴ്ച വിശദീകരണം നൽകണം. കേസിൽ വ്യാഴാഴ്ച വാദംകേൾക്കൽ തുടരും.

കേസ് ആദ്യം പരിഗണിച്ചിരുന്ന ജസ്റ്റിസ് സുനിത അഗർവാൾ നേരത്തെ വാദം കേൾക്കുന്നതിൽനിന്ന് പിൻവാങ്ങിയിരുന്നു. ഇതേ തുടർന്നാണ് മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. തകർത്ത വീട് തന്റെ പേരിലായിരുന്നുവെന്നും പിതാവ് ദാനമായി നൽകിയതായിരുന്നുവെന്നും ഫാത്തിമ പരാതിയിൽ പറഞ്ഞിരുന്നു. എല്ലാ രേഖകളും തന്റെ പക്കലുണ്ടായിട്ടും നോട്ടീസ് പോലും നൽകാതെയാണ് വീട് തകർത്തതെന്നും അവർ കുറ്റപ്പെടുത്തി.

ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമയുടെ പിതാവും വെൽഫെയർ പാർട്ടി നേതാവുമായ ജാവേദ് മുഹമ്മദിന്റെ വീട് ജൂൺ 12നാണ് പ്രയാഗ് രാജ് പ്രാദേശിക ഭരണകൂടം തകർത്തത്.

Tags:    
News Summary - Prayag Raj demolition: High court seeks explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.