പ്രവേശനം ഉറപ്പിച്ച് പ്രശാന്ത് കിഷോർ; വിയോജിപ്പ് മറച്ചുവെക്കാതെ നേതാക്കൾ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ കോൺഗ്രസ് പ്രവേശനം ഉറപ്പിച്ച് പാർട്ടിയിലെ മുതിർന്ന നേതാക്കൾ. പാർട്ടിയിൽ അദ്ദേഹം പ്രധാന ചുമതല വഹിക്കുമെന്നും നേതാക്കൾ സ്ഥിരീകരിക്കുന്നു. വിയോജിപ്പ് പ്രകടമാക്കിയും നേതാക്കൾ രംഗത്തുണ്ട്. അന്തിമ തീരുമാനം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഉടൻ പ്രഖ്യാപിക്കും.

പ്രശാന്ത് കിഷോറിന്റെ വരവ് സംശയത്തോടെയാണ് കാണുന്നതെന്ന് മുൻ കേന്ദ്രമന്ത്രി ദ്വിഗ്വിജയ് സിങ് പരസ്യമായി വ്യക്തമാക്കി. കോൺഗ്രസ് വളരെ വലിയ പാർട്ടിയാണ്. ചില സംശയങ്ങൾ ഉണ്ടാകുമെങ്കിലും വിഷയത്തിൽ തുറന്ന മനസ്സാണുള്ളതെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ദ്വിഗ്വിജയ് സിങ് പറഞ്ഞു.

പാർട്ടിയിൽ അദ്ദേഹം ഉണ്ടാകുന്നതിൽ എതിർപ്പില്ല. അദ്ദേഹം രാഷ്ട്രീയ വിശകലന വിദഗ്ധനാണ്. ഒരു പാർട്ടിയിൽനിന്ന് മറ്റൊന്നിലേക്കുള്ള യാത്രയിലാണ് അയാൾ. അതുകൊണ്ട് രാഷ്ട്രീയ പ്രതിബദ്ധതയോ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയോ വ്യക്തമല്ല. എന്നാൽ, ഇപ്പോൾ ചില നിർദേശങ്ങളുമായി മുന്നോട്ട് വന്നതും അദ്ദേഹത്തിന്‍റെ അവതരണവും വളരെ നല്ലതാണ്. അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം പൂർണമായും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടേതായിരിക്കുമെന്നും ദ്വിഗ്വിജയ് സിങ് പറഞ്ഞു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് സിങും എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചു. പ്രശാന്ത് കിഷോർ വന്നാലും ഇല്ലെങ്കിലും മധ്യപ്രദേശിൽ തങ്ങൾ ആരെയും ആശ്രയിക്കില്ലെന്നാണ് കമൽനാഥിന്‍റെ പ്രതികരണം. പ്രശാന്ത് കിഷോർ ഉപാധികളൊന്നുമില്ലാതെ കോൺഗ്രസിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ പ്രവേശനം പാർട്ടിയെ സഹായിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രശാന്ത് കിഷോറിനെ പിന്തുണച്ചിട്ടുണ്ട്. 

Tags:    
News Summary - Prashant Kishore secures admission; Leaders without hiding dissent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.