ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ ടി.വി.കെ നേതാവും നടനുമായ വിജയിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടൻ പ്രകാശ് രാജ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 'സിനിമാ മോഡൽ' ഉൾപ്പെടെ 'മൂന്ന് മോഡലുകൾ' ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം നടനു വേണ്ടി വിസിലടിക്കാമെന്നും എന്നാൽ നാട് വിട്ടുകൊടുക്കാനാവില്ലെന്നും പറഞ്ഞു.
'വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മൂന്ന് മോഡലുകളുണ്ട് - ദ്രാവിഡ മോഡൽ, അടിമ മോഡൽ, സിനിമാ മോഡൽ. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന 'വലിയ നടൻ'മാരുടെ ട്രാക്ക് റെക്കോർഡിനെയും അദ്ദേഹം ചോദ്യം ചെയ്തു. “ഒരു സിനിമയിൽ, നിങ്ങൾക്ക് ഒരു ഡോക്ടറോ, എഞ്ചിനീയറോ, മുഖ്യമന്ത്രിയോ ആകാം. എന്നാൽ വാസ്തവത്തിൽ, തമിഴ്‌നാട് അതിന്റെ ഭാഷ, ജനങ്ങൾ, ആത്മാഭിമാനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു?. ഇവിടെ പോരാട്ടം ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിലോ, വിജയ് പറയുന്ന പോലെ ടി.വി.കെയും ഡി.എം.കെയും തമ്മിലോ അല്ല. ഐക്യവും വിദ്വേഷവും തമ്മിലാണ് ”-പ്രകാശ് രാജ് പറഞ്ഞു.
പഴനിയിൽ സി.പി.എം സ്ഥാനാർഥി എൻ. പാണ്ഡിക്ക് വേണ്ടി പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രകാശ് രാജ്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാതെ വിജയ് എങ്ങനെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. 'ഗില്ലി' എന്ന ചിത്രത്തിലെ തന്‍റെ സഹതാരത്തെ "ചെല്ലം" എന്ന് വിളിച്ചുകൊണ്ടാണ് പ്രകാശ് രാജ് ഈ ചോദ്യങ്ങൾ ഉന്നയിച്ചത്. ''സിനിമയിലെ നിങ്ങളുടെ പ്രകടനം കണ്ടിട്ടാണ് ആളുകൾ നിങ്ങളെ സ്നേഹിച്ചത്. രാഷ്ട്രീയ നിലപാടുകൾ കണ്ടല്ല. ആ സ്നേഹത്തെ രാഷ്ട്രീയ നേട്ടത്തിനായി ചൂഷണം ചെയ്യുകയാണ്. നിങ്ങൾക്ക് ഒരു നടനെ ഇഷ്ടമാണെങ്കിൽ തിയേറ്ററിൽ പോയി അയാൾക്ക് വേണ്ടി വിസിലടിക്കാം. എന്നാൽ നാടിന്റെ ഭരണം അവരുടെ കൈകളിൽ ഏൽപ്പിക്കരുത്. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണ്" - അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ആരാധനയും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്നും സിനിമയിലെ ഹീറോയിസം കണ്ട് വോട്ട് ചെയ്യരുതെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നവർ താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കണം. 'നാം തമിഴർ കക്ഷി' കോർഡിനേറ്റർ സീമാൻ കഴിഞ്ഞ 10 വർഷമായി ജനകീയ വിഷയങ്ങളിൽ ഇടപെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട് രാജ്യത്തിന് എന്നും ഒരു മാതൃകയാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെയും നീറ്റ് പരീക്ഷയെയും എതിർത്ത പാരമ്പര്യമാണ് സംസ്ഥാനത്തിനുള്ളത്. ഐക്യത്തിന് വേണ്ടിയാണോ വിദ്വേഷത്തിന് വേണ്ടിയാണോ വോട്ട് ചെയ്യേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.