അർണബിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകാശ് ജാവദേക്കറും സ്മൃതി ഇറാനിയും

ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് നടപടിയെ അപലപിച്ച് കേന്ദ്ര മന്ത്രിമാർ. അര്‍ണബിന്‍റെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള ആക്രമണമെന്ന് ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനെ പിന്തുണച്ച് മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി.

അറസ്റ്റ് നമ്മെ അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നുവെന്ന് ജാവദേക്കർ പറഞ്ഞു. 'മഹാരാഷ്ട്രയിലെ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. മാധ്യമങ്ങളോട് പാലിക്കേണ്ട മര്യാദ ഇതല്ല. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നു'- പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു.

'ഇന്ന് അര്‍ണബിനെ പിന്തുണക്കാത്തവര്‍ ഫാഷിസത്തെ പിന്തുണക്കുന്നവരാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമല്ലായിരിക്കാം. അദ്ദേഹത്തെ അംഗീകരിക്കുന്നില്ലായിരിക്കാം. പക്ഷേ നിങ്ങള്‍ നിശ്ശബ്ദരായി ഇരിക്കുന്നുണ്ടെങ്കില്‍ അടിച്ചമര്‍ത്തലിനെ പിന്തുണക്കുന്നു എന്നാണ് അര്‍ത്ഥം '- സ്മൃതി ഇറാനി വിശദീകരിച്ചു. 

എന്നാൽ, അറസ്റ്റിന് പിന്നില്‍ ഒരു അജണ്ടയുമില്ലെന്ന് ശിവസേന വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നിയമപരമായാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. പ്രതികാര രാഷ്ട്രീയം ഉദ്ധവ് സര്‍ക്കാരിന്‍റെ നയമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ന് രാവിലെയാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ വസതിയില്‍ നിന്ന് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2018-ല്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വയ് നായികിന്റേയും മാതാവിന്റേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ആത്മഹത്യാക്കുറിപ്പില്‍ അര്‍ണബിന്റെ പേരും പരാമര്‍ശിച്ചിരുന്നു. റിപ്പബ്ലിക് ടി.വി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. റിപ്പബ്ലിക് ടി.വി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയില്‍ അകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Tags:    
News Summary - Prakash Javadekar and Smriti Irani protest against Arnab's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.