ലേ: ലഡാക്കിലെ അതിർത്തി പ്രദേശമടക്കമുള്ള വിവധ മേഖലകളിൽ വൈദ്യുതി കണക്ടിവിറ്റി എത്തിക്കുന്ന ട്രാന്‍സ്മിഷന്‍ പദ്ധതികൾ സെപ്റ്റംബർ പകുതിയോടെ പൂർത്തിയാകും. സിയാച്ചിന്‍ ബേസ് ക്യാമ്പിനെ പവർ ഗ്രിഡുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ സെപ്റ്റംബർ 15നകം പൂർത്തിയാക്കണമെന്ന് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സാൻസ്കർ, നുബ്ര തുടങ്ങിയ വിദൂര പ്രദേശങ്ങളിലും ആദ്യമായി വൈദ്യുതി ഗ്രിഡ് കണക്ടിവിറ്റി എത്തിക്കാന്‍ ട്രാന്‍സ്മിഷന്‍ പദ്ധതിയിലൂടെ സാധിക്കും.
എക്സ് അക്കൗണ്ടിലൂടെയായിരുന്നു ഗവർണർ വിനയ് കുമാർ ഇക്കാര്യം അറിയിച്ചത്. ലഡാക്കിലെ വിദൂരവും തന്ത്രപ്രധാനവുമായ അതിർത്തി പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിലൂടെ സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയിൽ വലിയൊരു മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ഡ്രാസ് മുതൽ പദം വരെയുള്ള 189 കിലോമീറ്റർ ദൈർഘ്യമുള്ള 220 കെ.വി (kV) ട്രാൻസ്മിഷൻ ലൈനും, ഫ്യാങ് മുതൽ ഉള്ള 79 കിലോമീറ്റർ ദൈർഘ്യമുള്ള 220 കെ.വി ട്രാൻസ്മിഷൻ ലൈനും ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ സെപ്റ്റംബർ 15-നകം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
പുതിയ ട്രാൻസ്മിഷൻ ശൃംഖല വഴി സിയാച്ചിൻ ബേസ് ക്യാമ്പ്, സാൻസ്കർ, നുബ്ര തുടങ്ങിയ വിദൂര അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകും. പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഉപജീവനമാർഗ്ഗങ്ങൾ, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുന്നതിനും വൈദ്യുതി വിതരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂപ്രകൃതിയും ഗ്രിഡ് കണക്റ്റിവിറ്റിയുടെ അപര്യാപ്തയും മൂലം ലഡാക്കിലെ ഭൂരിഭാഗം വിദൂരപ്രദേശങ്ങളും ഇപ്പോൾ ഡീസൽ ജനറേറ്ററുകളെയാണ് ആശ്രയിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി വികസന പാക്കേജിന്റെ (പി.എം.ഡി.പി) കീഴിലാണ് ട്രാൻസ്മിഷൻ പദ്ധതികൾ നടപ്പിലാക്കുന്നത്. ഡീസൽ ജനറേറ്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലഡാക്കിനെ കാർബൺ-ന്യൂട്രൽ മേഖലയാക്കാനുമുള്ള സർക്കാരിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാനും ഈ പദ്ധതികൾ സഹായിക്കുമെന്ന് വിനയ് കുമാർ സക്സേന പറഞ്ഞു. പദ്ധതികൾ പൂർത്തിയാകുന്നതോടെ ലഡാക്കിലെ ഏഴ് ജില്ലകളിൽ ആറണ്ണവും വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കപ്പെടും. ശൈത്യകാലത്തിന് മുമ്പ് ഇത് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ശൈത്യകാലത്തെ പ്രതികൂല കാലാവസ്ഥ ലഡാക്കിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.