കെ.കെയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊൽക്കത്ത: ബോളിവുഡ് ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്തിന്‍റെ മരണത്തിന് കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പശ്ചിമ ബംഗാൾ പൊലീസിനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കൊല്‍ക്കത്തയില്‍നിന്ന് മുംബൈയിലേക്ക് കൊണ്ടുപോയി. പൊതുദർശനത്തിന് ശേഷം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുംബൈ മുക്തിദാൻ ശ്മശാനത്തിൽ സംസ്കാരം നടക്കും.

കൊൽക്കത്ത നസ്റുൽ മഞ്ചിലെ ഓഡിറ്റോറിയത്തിൽ രാത്രി എട്ടര വരെ പരിപാടി അവതരിപ്പിച്ച ശേഷം താമസിച്ചിരുന്ന ഹോട്ടലിലെത്തിയ കെ.കെ രാത്രി പത്തരയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തിരുന്നു. മുഖത്തും തലയിലും കണ്ടെത്തിയ മുറിവുകൾ വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ടുപേരെ ചോദ്യം ചെയ്തു.

News Summary - Post-mortem report states that KK died of a heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.