ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതിന്‍റെ ഫലമായി മേയ് 11 മുതൽ അടുത്ത ഏഴ് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറെ ഇന്ത്യയിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് ഇന്ത‍്യന്‍ കാലാവസ്ഥ വകുപ്പിന്‍റെ (ഐ.എം.ഡി) മുന്നറിയിപ്പ്. കേരളം, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവടങ്ങളിലാണ് മഴ പെയ്യാന്‍ സാധ‍്യത. അതേ സമയം മെയ് 11 മുതൽ 14 വരെ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും.
മെയ് 11, 12 തീയതികളിൽ ജമ്മു കശ്മീരിലും, മേയ് 12, 13 തീയതികളിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ആലിപ്പഴ വീഴ്ചയ്ക്ക് സാധ്യതയുണ്ട്. മഴയുടെ സ്വാധീനം സമതലങ്ങളിലേക്കും വ്യാപിക്കുന്നതോടെ മേയ് 12 മുതൽ 14 വരെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മഴ ലഭിച്ചേക്കും.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ആഴ്ചയിലുടനീളം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. മേയ് 14, 15 തീയതികളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ‍്യത.
ഉത്തരേന്ത്യയിലും കിഴക്കേ ഇന്ത്യയിലും ശക്തമായ കാറ്റിന് മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും പടിഞ്ഞാറൻ ഇന്ത്യയിൽ കടുത്ത ഉഷ്ണതരംഗം തുടരുമെന്നാണ് പ്രവചനം. രാജസ്ഥാനിലും ഗുജറാത്തിലും വരും ദിവസങ്ങളിൽ ഉഷ്ണതരംഗമുണ്ടാകുമെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജസ്ഥാനിലെ ഫലോദിയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.