ന്യൂഡൽഹി: ഡൽഹി ഹൈകോടതിയിൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടന്ന വിർച്വൽ ഹിയറിങ്ങിനിടെ സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരുടെ നേതൃത്വത്തിൽനടന്ന ഓൺലൈൻ വാദത്തിനിടെയാണ് സുരക്ഷാവീഴ്ച. ഒന്നിലധികം തവണ ആവർത്തിച്ച് ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വിഡിയോ കോൺഫറൻസിങ് സംവിധാനം അധികൃതർ നിർത്തിവെച്ചു. സംഭവം ജുഡീഷ്യൽ നടപടിക്രമങ്ങളിലെ സൈബർ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
കോടതി വീഡിയോ കോൺഫറൻസിങ്ങിലൂടെ വാദം കേൾക്കുന്നതിനിടെ ഒന്നിലധികം തവണ തടസങ്ങൾ നേരിട്ടിരുന്നു. ഇതുമൂലം കോടതി നടപടികൾ രണ്ടുതവണ നിർത്തിവെക്കേണ്ടതായി വന്നു. ഒരു അജ്ഞാത ഉപയോക്താവ് വെർച്വൽ ഹിയറിങ്ങിൽ ലോഗിൻ ചെയ്യുകയും തന്റെ സ്‌ക്രീൻ പങ്കുവെച്ച് അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയുമായിരുന്നെന്നാണ് വിവരം. അക്കൗണ്ടിൽനിന്ന് ആദ്യം ‘നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു’ എന്ന സന്ദേശമാണ് പ്രദർശിപ്പിക്കപ്പെട്ടത്. പിന്നീടായിരുന്നു അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്. ഹൈകോടതിയുടെ വീഡിയോ കോൺഫറൻസിങ് ഇന്റർഫേസിനെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം.
ശ്രീധർ സർനോബത്, ഷിത്ജീത് സിങ് എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിൽനിന്നാണ് അശ്ലീല വീഡിയോ പ്രദർശിപ്പിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. പ്രാഥമിക ചോദ്യം ചെയ്യലിൽ തന്റെ അക്കൗണ്ട് അമേരിക്കയിൽ നിന്ന് ഹാക്ക് ചെയ്തതായി ഷിത്ജീത് സിങ് പറഞ്ഞു. വാദം കേൾക്കുന്ന സമയത്ത് അശ്ലീല വീഡിയോ എങ്ങനെയാണ് പ്ലേ ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ഷിത്ജീത് സിങ് പറഞ്ഞു.
സംഭവത്തെ തുടർന്ന് ഡൽഹി പൊലീസിന്റെ ഫ്യുഷൻ ആർഡ് സ്ട്രാറ്റജിക് ഓപറേഷൻസ് യൂണിറ്റിന് ഹൈകോടതി അധികൃതർ പരാതി നൽകി. ഓൺലൈൻ തട്ടിപ്പ്, സൈബർ പീഡനം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സെൻസിറ്റീവ് കേസുകൾ എന്നിവയുൾപ്പെടെ സങ്കീർണ്ണമായ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു പ്രത്യേക സൈബർ കുറ്റകൃത്യ വിഭാഗമാണ് ഐ.എഫ്.എസ്.ഒ യൂണിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.