ഹഥറസ് പെൺകുട്ടിയുടെ കുടുംബത്തെ നുണ പരിശോധനക്ക് വിധേയമാക്കാനുള്ള ഉത്തരവ് വിവാദത്തിൽ

ലക്നോ: ഹഥറസിൽ ബലാത്സംഗത്തിനിരയാക്കി പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബാംഗങ്ങളെയും നുണ പരിശോധനക്ക് വിധേയമാക്കണെന്ന ഉത്തർപ്രദേശ് സർക്കാരിന്‍റെ ഉത്തരവ് വിവാദത്തിലായി. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നുണ പരിശോധനക്ക് വിധേയരാക്കാനുള്ള സർക്കാർ ഉത്തരവ്.

ഇതിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധമുയർന്നു. ദുരന്തം നേരിട്ട പെൺകുട്ടിയുടെ കുടുംബത്തെ ഇനിയും പീഡിപ്പിക്കരുതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് നുണ പറയുമെന്നാണോ സർക്കാർ കരുതുന്നതെന്നും സാമൂഹ്യപ്രവർത്തകർ രോഷത്തോടെ ചോദിച്ചു.

പെൺകുട്ടിയുടെ കുടുംബത്തെ പൊലീസ് മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാൻ അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണെന്ന് ആരോപണമുണ്ട്. ഇതിനിടെയാണ് നുണ പരിശോധനാ ഉത്തരവ് വിവാദത്തിലാകുന്നത്. ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം, സംഭവത്തിൽ മുഖം രക്ഷിക്കൽ നടപടികളുമായി ഉത്തർ പ്രദേശ് സർക്കാർ രംഗത്തെത്തി.

സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതിന് പുറമെ കേസ് സി.ബി.ഐക്ക് കൈമാറാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. കേസിൽ വിശദീകരണം ആവശ്യപ്പെട്ട് ദേശിയ മനുഷ്യാവകാശ കമീഷൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നോട്ടിസയച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.