​ത്രിപുര ഫെബ്രുവരി 16ന് പോളിങ് ബൂത്തിലേക്ക്; മേഘാലയയും നാഗാലാൻഡും 27ന്: ഫലം മാർച്ച് രണ്ടിന്

ന്യൂഡല്‍ഹി: 60 നിയമസഭ മണ്ഡലങ്ങൾ വീതമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുരയും മേഘാലയയും നാഗാലാൻഡും തെരഞ്ഞെടുപ്പിലേക്ക്. ത്രിപുരയില്‍ ഫെബ്രുവരി 16നും നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ഫെബ്രുവരി 27നും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

കേവലം ഒരാഴ്ചമുമ്പ് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസൽ എം.പിയെ അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവുവന്ന കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് ലോക്‌സഭ മണ്ഡലത്തിലേക്കും, അരുണാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27ന് നടത്തും. മാർച്ച് രണ്ടിനാണ് എല്ലായിടത്തും വോട്ടെണ്ണല്‍.

ഒമ്പത് സംസ്ഥാന നിയമസഭകളുടെ കാലാവധി അവസാനിക്കുന്ന ഈ വർഷത്തെ പ്രഥമ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് ബുധനാഴ്ച ഡല്‍ഹി ആകാശവാണി ഭവനില്‍ കമീഷൻ നടത്തിയത്. മാർച്ച് 12ന് നാഗാലാൻഡിലും 15ന് മേഘാലയയിലും 22ന് ത്രിപുരയിലും നിയമസഭകളുടെ കാലാവധി കഴിയുമെന്ന് രാജീവ് കുമാർ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലും കൂടി 62.8 ലക്ഷം വോട്ടർമാരാണുള്ളത്. ഇതിൽ 1.76 ലക്ഷം പേർ നവാഗത വോട്ടർമാരും 97,000 പേർ 80 വയസ്സ് പിന്നിട്ടവരുമാണ്.

കാൽനൂറ്റാണ്ടു കാലത്തെ കമ്യൂണിസ്റ്റ് ഭരണത്തിന് അറുതിവരുത്തി 2018ൽ ബി.ജെ.പി ഭരണം പിടിച്ചെടുത്ത ത്രിപുരയിൽ ഇക്കുറി സി.പി.എമ്മും കോൺഗ്രസും സഖ്യത്തിലാണ്. ഭരണവിരുദ്ധ വികാരത്തിൽ ഭരണം നഷ്ടമാകാതിരിക്കാൻ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ബാക്കിനിൽക്കേയാണ് ബി.ജെ.പി മുഖ്യമന്ത്രിയെ മാറ്റിയത്. തദ്ദേശീയ ഗോത്രവർഗക്കാരുടെ പാർട്ടിയായ ഇൻഡിജീനസ് പീപ്ൾസ് ഫ്രണ്ട് ബി.ജെ.പി സഖ്യം വിട്ട് പ്രതിപക്ഷത്താണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ദേശീയ പാർട്ടി പദവി നേടിയ ഏക കക്ഷിയായ കോൺറാഡ് സാങ്മയുടെ നാഷനൽ പീപ്ൾസ് പാർട്ടി(എൻ.പി.പി)യാണ് മേഘാലയ ഭരിക്കുന്നത്. ബി.ജെ.പിയുമായി സഖ്യത്തിലാണ് എൻ.പി.പി. മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസിന്റെ മിക്ക എം.എൽ.എമാരും തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറി. പ്രതിപക്ഷമേ ഇല്ലാത്ത നാഗാലാൻഡിൽ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി(എൻ.ഡി.പി.പി)യുടെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ സഖ്യ(യു.ഡി.എ)ത്തിൽ ബി.ജെ.പിയും നാഗ പീപ്ൾസ് ഫ്രണ്ടും (എൻ.പി.എഫ്) സഖ്യകക്ഷികളാണ്.

ത്രിപുര

ത്രിപുരയിൽ 60 അംഗ നിയമസഭയാണ്. ഇരുപതിലും ഗോത്രവർഗക്കാർക്കാണ് ആധിപത്യം. 2018ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 33 സീറ്റുകളും ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) നാലു സീറ്റുകളും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എം) 15 സീറ്റുകളും കോൺഗ്രസ് ഒരു സീറ്റുമാണ് നേടിയത്. ആറ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 25 വർഷം നീണ്ട ഇടതുഭരണത്തിന് അവസാനം കുറിച്ചാണ് ത്രിപുരയിൽ 2018 ൽ ബി.ജെ.പി അധികാരത്തിലെത്തിയത്. നിലവിൽ മണിക് സാഹ ആണ് മുഖ്യമന്ത്രി. ഐ.പി.എഫ്.ടിയെ ഒപ്പം നിർത്തി തുടർഭരണത്തിനാണ് ബി.ജെ.പി ശ്രമം. ബദ്ധവൈരികളായിരുന്ന കോൺഗ്രസും ഇടതുപക്ഷവും ബി.ജെ.പിക്കെതിരെ ഇക്കുറി ഒന്നിക്കും.

മേഘാലയ

മേഘാലയ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ കോൺറാഡ് സാങ്മയാണ് ഇപ്പോഴത്തെ മേ​ഘാലയ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പാർട്ടിയായ എൻ.പി.പിക്ക് നിലവിൽ 20 സീറ്റുകളും യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിക്ക് (യു.ഡി.പി) 8 സീറ്റുകളും, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിന് (പിഡിഎഫ്) 2 സീറ്റുകളും, ബിജെപിക്ക് 2 സീറ്റുകളും ഉണ്ട്. 2 സീറ്റുകളിൽ സ്വതന്ത്രരാണ് ജയിച്ചത്. പ്രതിപക്ഷമായ തൃണമൂൽ കോൺ​ഗ്രസിന് 9 സീറ്റുകളാണുള്ളത്. പതിനാല് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ബി.ജെ.പി.യുമായി നിലവിൽ സഖ്യത്തിലാണെങ്കിലും എൻ.പി.പി. ഇത്തവണയും ഒറ്റയ്ക്കായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക.

ഇക്കുറി മേഘാലയയിൽ നില മെച്ചപ്പെടുത്താമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. സംസ്ഥാനത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് കോൺഗ്രസ്. 17 എം.എൽ.എമാരാണ് പാർട്ടിക്ക് ഉണ്ടായിരുന്നത്. എൻ.പി.പിയെ പിന്തുണച്ചതിന് അഞ്ച് എം.എൽ.എമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. അതിൽ രണ്ട് പേർ എൻ.പി.പിയിൽ ചേർന്നു. ചില കോൺ​ഗ്രസ് എം.എൽ.എമാർ തൃണമൂലിലേക്കും പോയി.

നാ​ഗാലാൻഡ്

നാ​ഗാലാൻഡിലെ നിലവിലെ ഭരണസഖ്യമായ യുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസിൽ, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി), ബി.ജെ.പി, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ.പി.എഫ്) എന്നീ പാർട്ടികളാണുള്ളത്. എൻ.ഡി.പി.പിയുടെ നെഫിയു റിയോയാണ് മുഖ്യമന്ത്രി. 2018ൽ എൻ.പി.എഫിന് 26 ഉം, എൻ.ഡി.പി.പിക്ക് 18 ഉം, ബി.ജെ.പിക്ക് 12 ഉം, എൻ.പി.പിക്ക് 2 ഉം, ജെ.ഡി.യുവിന് 1 ഉം, സ്വതന്ത്രന് 1 സീറ്റുമാണ് ലഭിച്ചത്. ഇത്തവണ കൂടുതൽ സീറ്റുകൾ നേടാൻ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.  

തമിഴ്നാട്ടിലും ഉപതെരഞ്ഞെടുപ്പ്​

ചെന്നൈ: ഈറോഡ്​ ഈസ്റ്റ്​ നിയമസഭ മണ്ഡലത്തിൽ​ ഫെബ്രുവരി 27ന്​ ഉപതെരഞ്ഞെടുപ്പ്​ നടക്കും. മാർച്ച്​ രണ്ടിനാണ്​ വോട്ടെണ്ണൽ. സിറ്റിങ്​ എം.എൽ.എയായിരുന്ന തിരുമകൻ ഇവേര ​ അന്തരിച്ച ഒഴിവിലേക്കാണ്​ ഉപതെരഞ്ഞെടുപ്പ്​​. മുൻ തമിഴ്​നാട്​ കോൺഗ്രസ്​ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന ഇ.വി.കെ.എസ്​. ഇളങ്കോവന്‍റെ മകനാണ്​ തിരുമകൻ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണി സഖ്യകക്ഷിയായ കോൺഗ്രസിനാണ്​ നിയമസഭ മണ്ഡലം ലഭിച്ചത്. അണ്ണാ ഡിഎം.കെ സഖ്യത്തിലെ തമിഴ്​ മാനില കോൺഗ്രസ്(ടി.എം.സി)​ സ്ഥാനാർഥിയായ എം. യുവരാജിനെ 8,904 വോട്ടിന്‍റെ വ്യത്യാസത്തിലാണ്​ തിരുമകൻ പരാജയപ്പെടുത്തിയത്.

സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡി.എം.കെ സർക്കാർ അധികാരത്തിലേറിയതിനുശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണിത്​. ഇ.വി.കെ.എസ്.​ ഇളങ്കോവൻ (74) കോൺഗ്രസ്​ സ്ഥാനാർഥിയാവുമെന്ന് സൂചന. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി പദവിയാർക്കെന്ന കേസ്​ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ്​ ഉപതെരഞ്ഞെടുപ്പ്​​. കമൽഹാസന്‍റെ മക്കൾ നീതിമയ്യം, വിജയ്കാന്തിന്‍റെ ഡി.എം.ഡി.കെ, ടി.ടി.വി. ദിനകരന്‍റെ എ.എം.എം.കെ, സീമാന്‍റെ നാം തമിഴർ കക്ഷി തുടങ്ങിയവയുടെ നിലപാട് നിർണായകമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.