കോയമ്പത്തൂർ: പൊള്ളാച്ചി പീഡനക്കേസിൽ കുറ്റക്കാരായ ഒമ്പത് പ്രതികൾക്കും മരണം വരെ തടവും പിഴയും വിധിച്ചു. പൊള്ളാച്ചി സ്വദേശികളായ കെ. തിരുനാവുക്കരശ് (25), എൻ. ശബരിരാജൻ (റിശ്വന്ത് - 25), ടി. വസന്തകുമാർ (27), എം. സതീഷ് (28), ആർ. മണിവണ്ണൻ (മണി - 25), ടി. ഹരോണിമസ് പോൾ (29), പി. ബാബു (ബൈക്ക് ബാബു -34), കെ. അരുളാനന്ദം (34), എം. അരുൺകുമാർ (32) എന്നിവർക്കാണ് കോയമ്പത്തൂർ വനിത കോടതി ജഡ്ജി ആർ. നന്ദിനിദേവി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഇരകളായ എട്ട് പേർക്ക് 85 ലക്ഷം രൂപ നൽകണമെന്നും വിധിയിൽ അറിയിച്ചു. പ്രതികളിൽ തിരുനാവുക്കരശും അരുളാന്ദവും എ.ഐ.എ.ഡി.എം.കെ ഭാരവാഹികളായിരുന്നു. പെൺകുട്ടികളെയും യുവതികളെയും ക്രൂരപീഡനത്തിനിരയാക്കി ചിത്രങ്ങളും വിഡിയോയും പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തിൽ ഇരുപതോളം പേരുണ്ടായിരുന്നു.
ഇരയായ ഒയുവതി 2019 ഫെബ്രുവരിയിൽ പൊള്ളാച്ചി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതികൾ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്. പൊള്ളാച്ചി പൊലീസ് അന്വേഷിച്ച കേസ് പ്രതിഷേധം ശക്തമായതോടെയാണ് എ.ഐ.എ.ഡി.എം.കെ സർക്കാർ സി.ബി.ഐക്ക് കൈമാറിയത്.
കൂട്ടബലാൽസംഗ കേസിൽ പ്രതികൾക്ക് മരണംവരെ ജീവപര്യന്തം തടവ് നൽകണമെന്ന് സി.ബി.ഐ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. യുവതികളെ പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്ന് തെളിഞ്ഞതായി സി.ബി.ഐ കോടതിയിൽ അറിയിച്ചു.
പ്രതികളെ സേലം സെൻട്രൽ ജയിലിൽ നിന്നും കനത്ത സുരക്ഷയിൽ രാവിലെ എട്ടരയോടെ കോടതിയിൽ എത്തിച്ചു. മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം അടച്ചിട്ട കോടതി മുറിയിലാണ് വാദപ്രതിവാദങ്ങൾ എല്ലാം നടന്നത്. നശിപ്പിക്കപ്പെട്ട ഡിജിറ്റൽ തെളിവുകൾ അടക്കം കണ്ടെത്തിയെന്ന് സി.ബി.ഐ അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.