ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണമലൈയിൽ സഹോദരിയുടെ മുന്നിൽവെച്ച് കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് പൊലീസുകാർ. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ 19കാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് കോൺസ്റ്റബിൾമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 19കാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്.
മിനിവാനിൽ തിരുവണ്ണമലൈയിൽ എത്തിയതായിരുന്നു പെൺകുട്ടികൾ. സ്വന്തം കൃഷിയിടത്തിൽ നിന്നും വിളവെടുത്ത പഴവുമായാണ് തിരുവണ്ണാമലയിലേക്ക് ഇരുവരും എത്തിയത്. എന്നാൽ, ബൈപ്പാസിലെത്തിയപ്പോൾ പതിവ് പരിശോധനക്കായി നിയോഗിച്ച പൊലീസുകാർ വാൻ തടയുകയും പെൺകുട്ടികളോട് വാഹനത്തിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയേയും സഹോദരിയേയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി 19കാരിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ ഇരുവരേയും റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സമീപത്തെ ഫാക്ടറിയിൽ ജോലിക്കെത്തിയവരാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
തിരുവണ്ണമലൈ സർക്കാർ ആശുപത്രിയിൽവെച്ച് നൽകിയ മൊഴിയിൽ പൊലീസ് കോൺസ്റ്റബിൾമാരാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പെൺകുട്ടി പറയുകയായിരുന്നു. തുടർന്ന് രണ്ട് പൊലീസ് കോൺസ്റ്റബിൾമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് തിരുവണ്ണാമലൈ വുമൺ പൊലീസ് ഇൻസ്പെക്ടർ കോമളവല്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.